വയനാടില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു;ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതര പരിക്ക്;സംഭവം പാടത്തിറങ്ങിയ കാട്ടുപന്നിയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ; സംഭവത്തില്‍ ദുരൂഹത

കല്‍പറ്റ: വയനാട് കമ്പളക്കാട് കാട്ടുപന്നിയെ ഓടിക്കാന്‍ പോയ നാലംഗ സംഘത്തിലെ ഒരാള്‍ വെടിയേറ്റു മരിച്ചു. കോട്ടത്തറ സ്വദേശി ജയനാണ് (36) മരിച്ചത്. പാടത്ത് കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോള്‍ മറ്റാരോ വെടിവയ്ക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന ബന്ധു ശരുണ്‍ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.അതേസമയം ജയന് വെടിയേറ്റത് ഏത് സാഹചര്യത്തില്‍ ആണെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. മരിച്ച ജയന് കഴുത്തിലാണ് വെടിയേറ്റത്.നാലംഗ സംഘമാണ് കമ്പളക്കാടിനടുത്ത് വണ്ടിയാമ്പറ്റയില്‍ രാത്രിയോടെ നെല്‍പ്പാടത്ത് എത്തിയത്. നെല്ല് കതിരായിരിക്കുന്ന സമയമായതിനാല്‍ കാട്ടുപന്നിയെ ഓടിക്കുന്നതിനാണ് തങ്ങള്‍ പാടത്ത് എത്തിയത് എന്നാണ് സംഘത്തിലെ രണ്ടുപേര്‍ പറയുന്നത്. സംഘത്തിലെ ഒരാളുടേതാണ് ഇവിടെയുള്ള കൃഷിയെന്നും ചോദ്യം ചെയ്യലില്‍ ഇവര്‍ പൊലീസിനോട് പറഞ്ഞു.അതേസമയം, വേട്ടയ്ക്കെത്തിയ സംഘമാണ് ഇവരെന്ന് നാട്ടുകാരില്‍ ചിലര്‍ ആരോപിക്കുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമേ സംഭവത്തില്‍ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.