ജോസ് കെ.മാണി വീണ്ടും രാജ്യസഭയിലേക്ക്; എല്‍ഡിഎഫിന് 96 വോട്ട്;ഒരു വോട്ട് അസാധു

തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് ജോസ് കെ മാണി തോല്‍പ്പിച്ചത്. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവാക്കി. ബാലറ്റ് പേപ്പറില്‍ ഒന്ന് എന്ന് കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. പിന്നാലെ വരണാധികാരിയായ നിയമസഭാ സെക്രട്ടറി ഇടപെട്ടാണ് വോട്ട് അസാധുവാക്കിയത്. യുഡിഎഫ് തര്‍ക്കം ഉന്നയിച്ചതോടെയാണ് വോട്ട് അസാധുവാക്കല്‍. 137 അംഗങ്ങളാണ് ഇന്ന് വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ശൂരനാട് രാജശേഖരന് 40 വോട്ടാണ് ലഭിച്ചത്. നിയമസഭാ സമുച്ചയത്തിലെ പോളിംഗ് ബൂത്തിലാണ് എംഎല്‍എമാര്‍ വോട്ട് രേഖപ്പെടുത്തിയത്. കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായിരുന്ന ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ട് എല്‍.ഡി.എഫില്‍ എത്തിയതോടെ ജനുവരി 11 നാണ് ജോസ് കെ മാണി രാജ്യസഭാ എം.പി സ്ഥാനം രാജിവച്ചത്. മുന്നണിയിലേക്ക് വരുമ്പോഴുള്ള രാജ്യസഭാ സീറ്റ് ആ പാര്‍ട്ടിക്ക് തന്നെ നല്‍കുന്ന രീതി വച്ചാണ് സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ നല്‍കിയത്. 2024 വരെയാണു രാജ്യസഭാംഗത്തിന്റെ കാലാവധി.

© 2022 Live Kerala News. All Rights Reserved.