കീഴടങ്ങി സര്‍ക്കാര്‍; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു; ബില്ല് പാസ്സായി; ചര്‍ച്ച ആവശ്യം തള്ളി

ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റെില്‍ പാസാക്കി.ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തെ അംഗീകരിക്കാതെയാണ് ബില്‍ പാസ്സാക്കിയത്. ലോക്‌സഭയില്‍ പ്രതിപക്ഷ എംപിമാരുടെ മുദ്രാവാക്യം വിളികള്‍ക്കിടയില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ബില്‍ അവതരിപ്പിച്ചു. ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാനുള്ള ഒറ്റ ബില്ലാണ് അവതരിപ്പിച്ചത്. ബില്ല് പാസ്സാക്കിയ ഉടന്‍ രണ്ട് മണി വരെ ലോക്‌സഭ നിര്‍ത്തിവച്ചിരിക്കുകയാണ്. ഒരു വര്‍ഷത്തിലധികം നീണ്ട ഐതിഹാസികമായ കര്‍ഷകസമരത്തെത്തുടര്‍ന്ന് കര്‍ഷകര്‍ക്ക് മുന്നില്‍ കീഴടങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ പാസ്സാക്കി രാഷ്ട്രപതി ബില്ലില്‍ ഒപ്പുവച്ചാല്‍ നിയമങ്ങള്‍ റദ്ദാകും.ലോക്‌സഭയില്‍ ഈ ബില്ല് പാസ്സായ സ്ഥിതിക്ക് ഉച്ചയ്ക്ക് ശേഷം തന്നെ രാജ്യസഭയിലും ഈ ബില്ല് പാസ്സാക്കിയേക്കും. ഈ ബില്ലില്‍ ചര്‍ച്ചകള്‍ നടന്നാല്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമെന്നുറപ്പാണ്. കോണ്‍ഗ്രസും ബിജെപിയും എംപിമാര്‍ക്ക് സഭയിലെത്താന്‍ വിപ്പ് നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധിയടക്കം രാവിലെ ലോക്‌സഭയിലെത്തി കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ബഹളം തുടങ്ങിയതോടെ 12 മണി വരെ സഭ നിര്‍ത്തിവച്ചു. 12 മണിക്ക് വീണ്ടും സഭ തുടങ്ങിയതോടെ മൂന്ന് പേജുള്ള ബില്ല് പെട്ടെന്ന് തന്നെ അവതരിപ്പിച്ച്, മേശപ്പുറത്ത് വച്ച് ബില്ലുകള്‍ പാസ്സാക്കിയെടുക്കുകയായിരുന്നു കേന്ദ്രം. രാഹുല്‍ ഗാന്ധിയടക്കം സംസാരിക്കാന്‍ തയ്യാറായിരിക്കുന്ന സാഹചര്യത്തില്‍ അതിന് അവസരം കേന്ദ്രസര്‍ക്കാര്‍ നല്‍കില്ലെന്നുറപ്പാണ്. എന്നാല്‍ രാവിലെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് വിഷയത്തിലും കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് പ്രതികരിച്ചത്. ഏത് ചോദ്യത്തിനും മറുപടിക്ക് സര്‍ക്കാര്‍ തയ്യാറാണ്. സര്‍ക്കാരിനെതിരെ എത്ര ശബ്ദം വേണമെങ്കിലും ഉയര്‍ത്താം. എന്നാല്‍ പാര്‍ലമെന്റിന്റെ അന്തസ് കാക്കണമെന്നും മോദി പറഞ്ഞു. ജനം ആഗ്രഹിക്കുന്നത് അര്‍ഥപൂര്‍ണമായ പാര്‍ലമെന്റ് സമ്മേളനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 2020 സെപ്റ്റംബറിലാണ് രാജ്യത്തെ കര്‍ഷകരെ ഞെട്ടിച്ച് മൂന്ന് വിവാദ കര്‍ഷകനിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്.

© 2024 Live Kerala News. All Rights Reserved.