ഒമിക്രോണ്‍ വൈറസില്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി;വിദേശ വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നതില്‍ പുനരാലോചന

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസില്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി. ഒമിക്രോണ്‍ വകഭേദം വിവിധ ലോകരാജ്യങ്ങളില്‍ കണ്ടെത്തിയതിനെ പിന്നാലെയാണ് ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തിയത്. കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്നത് പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം.ഇന്ത്യയില്‍ നിന്നും തിരിച്ചും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 ന് ഉപാധികളോടെ പുനരാരംഭിക്കുമെന്നാണ് നേരത്തെ വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. ഒമിക്രോണ്‍ വൈറസിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രതിരോധമുറപ്പിക്കാന്‍ കൊവിഡ് വാക്‌സീന്‍ രണ്ടാം ഡോസിന്റെ വിതരണം വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രാനിയന്ത്രണങ്ങള്‍ നീക്കിയതിന് തൊട്ടുപിന്നാലെ പുതിയ വകഭേദം ഭീഷണിയായത് കേന്ദ്രത്തിന് വെല്ലുവിളിയായിരിക്കുകയാണ്. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവെക്കണമെന്ന് ദില്ലി മുഖ്യമന്ത്രി കെജ്രിവാള്‍ ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു. ദക്ഷിണാഫ്രിക്കയിലും യൂറോപ്പിലും സ്ഥിരീകരിച്ച ബി.1.1.592 വൈറസ് അഥവാ കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം തീവ്ര വ്യാപന ശേഷിയുള്ളതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത്.

© 2024 Live Kerala News. All Rights Reserved.