സ്വച്ഛ് ഭാരത്, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്നി സര്‍ക്കാര്‍ പദ്ധതികളുടെ പ്രചരണത്തിന് ഇനി യാചകരും

 

ന്യൂഡല്‍ഹി: യാചകരെക്കൊണ്ട് സര്‍ക്കാര്‍ പദ്ധതികളുടെ പ്രചരണം നടത്താന്‍ പദ്ധതി. ട്രെയിനുകളിലും ബസുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടുന്നതിനു പകരം സ്വച്ഛ് ഭാരത്, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളുടെ പ്രചരണ ഗാനം പാടാന്‍ യാചകരെ ഒരുക്കും. ഇതിനുവേണ്ടി മൂവായിരത്തോളം യാചകര്‍ക്കു പ്രത്യേക പരിശീലനം നല്‍കും. സന്നദ്ധസംഘടനകളുമായും വിദഗ്ധരുമായും ചേര്‍ന്നായിരിക്കും പരിശീലനം.

പ്രമുഖ നഗരങ്ങളിലെ ലോക്കല്‍ ട്രെയിനുകളില്‍ ഭിക്ഷയെടുക്കുന്നവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതുവഴി നാഗരിക സമൂഹത്തേയും ഇത്തരം പദ്ധതികളെക്കുറിച്ചു ബോധവല്‍ക്കരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സാധാരണക്കാര്‍ക്കിടയില്‍ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചറിയിക്കാനുള്ള ഇത്തരമൊരു ആശയത്തിനു പിന്നില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ്. മന്ത്രാലയത്തിന്റെ സോങ് ആന്‍ഡ് ഡ്രാമ വിഭാഗത്തോടും ഓള്‍ ഇന്ത്യ റേഡിയോയോടും യാചകര്‍ക്കിടയിലെ പദ്ധതിയന്മേല്‍ പ്രവര്‍ത്തിക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. യാചകര്‍ക്കു പരിശീലനം നല്‍കേണ്ട ചുമതലയും ഈ വിഭാഗങ്ങള്‍ക്കാണ്.

പദ്ധതിയുടെ ആദ്യഘട്ടം അടുത്തമാസം മുംബൈയില്‍ ആരംഭിക്കും. യാചകര്‍ ഒറ്റയ്‌ക്കൊറ്റയ്ക്കും കുടുംബമായും ലോക്കല്‍ ട്രെയിനുകളില്‍ ഭിക്ഷയെടുക്കുന്നുണ്ട്. ഇവരില്‍ മിക്കവരും വര്‍ഷങ്ങളായി പാടുന്നവരാണ്. അവര്‍ക്കൊരു വരുമാനമാര്‍ഗം കൂടിയാകും ഇതെന്നും അവരുടെ കഴിവു വികസിപ്പിക്കാനാകുമെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇങ്ങനെ പാടുന്നതിലൂടെ ഒരു വരുമാനം ലഭിക്കുമ്പോള്‍ അവര്‍ക്കു ഭിക്ഷയെടുക്കേണ്ട ആവശ്യമില്ലതാകും. അതേസമയം, ഇത്തരം പ്രചാരണത്തിനു കുട്ടികളെ ഉപയോഗിക്കില്ല.

© 2024 Live Kerala News. All Rights Reserved.