സിഐക്ക് രാഷ്ട്രീയ പിന്തുണ;ഡിവൈഎഫ്ഐ നേതാവിനേയും കൂട്ടിയാണ് മൊഫിയയുടെ ഭര്‍ത്താവ് സ്റ്റേഷനില്‍ എത്തിയിരുന്നതെന്നും മൊഫിയയുടെ അമ്മ

ആലുവ:നിയമ വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിഐ സുധീര്‍ കുമാര്‍ സര്‍വീസില്‍ തുടരുന്നത് രാഷ്ട്രീയ പിന്തുണയോടെയാണെന്ന് മൊഫിയയുടെ അമ്മ ഫാരിസ. ഡിവൈഎഫ്ഐ നേതാവിനേയും കൂട്ടിയാണ് മൊഫിയയുടെ ഭര്‍ത്താവ് സുഹൈല്‍ സ്റ്റേഷനില്‍ എത്തിയിരുന്നതെന്നും അവര്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
‘അവര്‍ക്കൊപ്പം ഡിവൈഎഫ്ഐയുടെ ഒരു നേതാവ് ഉണ്ടായിരുന്നു എന്ന് അവള്‍ പറഞ്ഞിരുന്നു. അതാരാണെന്ന് അവള്‍ക്കറിയില്ലായിരുന്നു. മൊഫിയയെ അവര്‍ മാനസികരോഗിയാക്കി ചിത്രീകരിച്ചു. മാനസികരോഗിയാണെന്ന് അവര്‍ നിരന്തരം പറഞ്ഞപ്പോള്‍ ഡോക്ടറുടെ അടുത്ത് പോയിരുന്നു. ഭര്‍ത്താവിനാണ് കൗണ്‍സിലിങ് നല്‍കേണ്ടതെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അവളെ അവന്റെ കൂടെ വിടരുതെന്നും പറഞ്ഞു. എല്ലാം നല്ലരീതിയില്‍ വരുമെന്ന പ്രതീക്ഷയായിരുന്നു അവസാനം വരെ അവള്‍ക്ക്. മുത്തലാഖ് ചൊല്ലിയതോടെ അവള്‍ തകര്‍ന്നു. മൂന്ന് മാസത്തിനകം അവന്‍ മറ്റൊരു വിവാഹം ചെയ്യുമെന്നറിഞ്ഞു. അവന്റെ കാല്‍ പിടിച്ച് എന്നെ ഉപേക്ഷിക്കല്ലേ എന്ന് പറഞ്ഞിട്ടുണ്ട്.
ഒരുപാട് സ്വപ്നങ്ങള്‍ ഉള്ളവാളായിരുന്നു. അവളുടെ മരണത്തിന് കാരണക്കാരനായ സിഐയെ സ്ഥലം മാറ്റിയത്കൊണ്ടും സസ്പെന്‍ഡ് ചെയ്തതു കൊണ്ടും കാര്യമില്ല. ജോലിയില്‍ നിന്ന് തന്നെ പിരിച്ചുവിടണം മൊഫിയയുടെ അമ്മ പറഞ്ഞു.മൊഫിയയുടെ മരണത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

© 2024 Live Kerala News. All Rights Reserved.