മൂന്ന് കിലോ സ്വര്‍ണ്ണവും ഒരു കോടിയിലേറെ പണവുമായി മഹാരാഷ്ട്രാ സ്വദേശികള്‍ ഇരിട്ടിയില്‍ പിടിയില്‍

കണ്ണൂര്‍ : മൂന്ന് കിലോ സ്വര്‍ണ്ണവും ഒരു കോടി 10 ലക്ഷത്തിലേറെ രൂപയുടെ നോട്ട് കെട്ടുകളുമായി മഹാരാഷ്ട്രാ സ്വദേശികളായ രണ്ടുപേരെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ വടകരയില്‍ താമസക്കാരും മഹാരാഷ്ട്ര സാംഗ്ലി സ്വദേശികളുമായ മന്‍സൂര്‍ ഇലാഹി (26), കിരണ്‍ ബസന്ത് മാനെ (23) എന്നിവരെയാണ് ഇരിട്ടി സി ഐ വി.വി. മനോജും സംഘവും അറസ്റ്റു ചെയ്തത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഇരിട്ടി പയഞ്ചേരി മുക്കില്‍ വെച്ച് വാഹന പരിശോധനക്കിടെയാണ് ഇവര്‍ പോലീസിന്റെ പിടിയില്‍ ആവുന്നത്. സ്വിഫ്റ്റ് ഡിസൈര്‍ കാറില്‍ എത്തിയ ഇവരെ പോലീസ് ചോദ്യം ചെയ്യലിനിടെ പരസ്പര വിരുദ്ധമായി സംസാരിക്കുന്നത് കണ്ടു നടത്തിയ പരിശോധനക്കിടെ മന്‍സൂറിന്റെ അരയില്‍ കെട്ടി വെച്ച നിലയില്‍ സ്വര്‍ണ്ണ ക്കട്ടികള്‍ പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വണ്ടിക്കുള്ളില്‍ പിന്‍ഭാഗത്തെ സീറ്റിനോട് ചേര്‍ത്ത് പ്രത്യേകം തയാറാക്കിയ അറയില്‍ നിന്നും ഒരു കോടിയിലേറെ നോട്ടു കെട്ടുകള്‍ കണ്ടെത്തിയത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പതിനെട്ടു പാക്കറ്റുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു . ഇവക്കു രേഖകളൊന്നും ഇല്ലായിരുന്നു എന്നും മൈസൂരില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്നു ഇവര്‍ എന്നുമാണ് ഇവര്‍ പോലീസിനു നല്‍കിയ മൊഴി.
ഇരിട്ടി എസ് ഐ കെ. സുധീര്‍, ഗ്രേഡ് എസ് ഐ സുധാകരന്‍, എ ആര്‍ സി പി ഒ ജോഷി, എ എസ് ഐ രമേശ് ബാബു ,ഉദയകുമാര്‍ എന്നിവരാണ് പിടികൂടിയ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. പിടിച്ചെടുത്ത സ്വര്‍ണ്ണവും പണവും അടക്കം പ്രതികളെ ഇന്ന് മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കും.

© 2024 Live Kerala News. All Rights Reserved.