മോഫിയയുടെ ആത്മഹത്യ; സിഐ ഡ്യൂട്ടിയില്‍;അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സിഐയെ ചുമതലകളില്‍ നിന്ന് നീക്കണം;സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ

ആലുവ: നിയമ വിദ്യാര്‍ത്ഥിനി മോഫിയയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ ആലുവ സിഐക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് പ്രതിഷേധത്തില്‍. ഗുരുതരമായ വീഴ്ചയാണ് സിഐ സുധീറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സിഐയെ ചുമതലകളില്‍ നിന്ന് നീക്കണെന്നാണ് ആവശ്യം. ആലുവ ഈസ്റ്റ്‌പൊലീസ് സ്റ്റേഷനു മുമ്പില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. സിഐ ഇന്നും ഡ്യൂട്ടിക്കെത്തിയിരുന്നു. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ഇപ്പോഴും സ്റ്റേഷന്‍ ചുമതലകളില്‍ നിന്നും മാറ്റിയിട്ടില്ല. സിഐ യെ സംരക്ഷിക്കുകയാണെന്ന് എംഎല്‍എ ആരോപിച്ചു. രാഷ്ട്രീയ ബന്ധത്തിന്റെ ബലത്തിലാണ് സിഐ സ്റ്റേഷനില്‍ തുടരുന്നത്.സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം. വനിതാ കമ്മീഷന്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഉത്ര വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സി.ഐ സുധീര്‍. അന്ന് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് ആലുവയിലേക്ക് സ്ഥലം മാറ്റിയത്. ഇതിന് മുമ്പും മറ്റ് സംഭവങ്ങളില്‍ ഇയാള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് മുമ്പും ഇത്തരം വീഴ്ചകള്‍ നടത്തിയിട്ടും അതേ സ്ഥാനത്ത് അയാള്‍ തുടരുന്നങ്കെില്‍, അന്ന് സംരക്ഷിച്ചവര്‍ തന്നെയാണ് ഇന്നും സംരക്ഷിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. സിഐക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും എംഎല്‍എ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.