കോവളത്ത് വയോധികനായ അമേരിക്കന്‍ പൗരനെ മാസങ്ങളായി പൂട്ടിയിട്ട്; ഹോട്ടലില്‍ ഉറുമ്പരിച്ച നിലയില്‍

കോവളം: കോവളത്തെ സ്വകാര്യ ഹോട്ടലില്‍ വയോധികനായ അമേരിക്കന്‍ പൗരനെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി.ലൈറ്റ് ബീച്ചിന് അടുത്തുള്ള സ്വകാര്യ ഹോട്ടലിലാണ് ഉറുമ്പരിച്ച് അവശനിലയില്‍ ഇര്‍വിന്‍ ഫോക്‌സിനെ (77) കണ്ടെത്തിയത്. അമേരിക്കന്‍ പൗരനായ ഇര്‍വിന്‍ ഫോക്‌സ് മാസങ്ങളായി നരകതുല്യമായ ജീവിതം നയിക്കുന്നത്. പൊലീസിലെ ബീറ്റ് ഓഫിസര്‍മാരില്‍ ഒരാള്‍ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പിലും പാലിയം ഇന്ത്യയിലും ഉള്‍പ്പെട്ടവരുടെ സംഘം വൈകിട്ടു ഹോട്ടലില്‍ എത്തിയത്. കൊളുത്തിട്ട മുറിക്കുള്ളില്‍ നിന്നു ഞരക്കവും നിലവിളിയും കേള്‍ക്കാമായിരുന്നു എന്ന് ഇവര്‍ പറഞ്ഞു. രോഗിയുടെ മുതുകുഭാഗത്ത് രണ്ടു വലിയ വ്രണങ്ങള്‍ കണ്ടെത്തി. ഇതു കാരണമാകാം ഉറുമ്പു സാന്നിധ്യം എന്നു കരുതുന്നു. രോഗിയെ പരിചരിച്ചു താല്‍ക്കാലിക ആശ്വാസം നല്‍കിയെന്നു സംഘം അറിയിച്ചു.ഒരു വര്‍ഷം മുന്‍പാണ് ഇര്‍വിന്‍ കോവളത്തെത്തിയത്. ഇവിടെ വെച്ച് വീണ് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. നഗരത്തിലെ ആശുപത്രിയില്‍ കൊണ്ടു പോയിരുന്നു എങ്കിലും തുടര്‍ ചികിത്സ ലഭ്യമാക്കാതെ ഹോട്ടലില്‍ തന്നെ കിടത്തിയിരിക്കുകയായിരുന്നു എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.ഇര്‍വിന്റെ കൂടെ ഉണ്ടായിരുന്ന സഹായി പാസ്പോര്‍ട്ടും രേഖകളുമായി ശ്രീലങ്കയിലേക്ക് കടന്നു. ഇതോടെ ഹോട്ടലില്‍ ഒറ്റപ്പെട്ട വിദേശിക്ക് ചികിത്സയോ പരിചരണമോ ലഭ്യമായില്ലെന്ന് പൊലീസ് പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.