ആന്ധ്രാപ്രദേശിലെ റയാല ചെരുവ് ബണ്ടില്‍ വിള്ളല്‍; 20 ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു;വിള്ളല്‍ വന്നത് 500 വര്‍ഷം പഴക്കമുള്ള ബണ്ടില്‍

തിരുപ്പതി: ആന്ധ്രാപ്രദേശിലെ ചരിത്രപ്രസിദ്ധമായ ജലസംഭരണിയില്‍ വിള്ളല്‍.റയാല ചെരുവ് ബണ്ടില്‍ വിള്ളല്‍ ഉണ്ടായത്. വിള്ളലും ചോര്‍ച്ചയും സ്ഥിരീകരിച്ചതോടെ സമീപത്തെ 20 ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ദുരിതബാധിതരെ ഒഴിപ്പിക്കുന്നത് ജില്ലാ കളക്ടര്‍ എം ഹരിനാരായണ നിരീക്ഷിച്ചുവരികയാണ്.ജലസംഭരണിയിലെ നാല് ഇടങ്ങളില്‍ ആണ് ചോര്‍ച്ച.
വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് നിര്‍മ്മിച്ച ഏതാണ്ട് 500 വര്‍ഷം പഴക്കമുള്ള ബണ്ടാണിത്. രാമചന്ദ്രപുരം മണ്ഡലത്തിലെ തിരുപ്പതിയില്‍ നിന്ന് ഏകദേശം 15 കി.മീ ദൂരമാണ് ബണ്ടിലേക്ക് ഉള്ളത്. ഞായറാഴ്ച രാവിലെ ബണ്ടില്‍ നിന്ന് വെള്ളം ഒഴുകാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
സ്പെഷ്യല്‍ ഓഫീസര്‍ പി എസ് പ്രദ്യുമ്ന ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ബണ്ട് പരിശോധിക്കുകയും ചുറ്റുമുള്ള 20 ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിടുകയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണികളിലൊന്നാണിത്.

സംഭരണശേഷിയായ 0.6 ടിഎംസിയില്‍ നിന്ന് 0.9 ടിഎംസി അടിയാണ് ഇപ്പോള്‍ സംഭരണിയിലുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. സമീപകാലത്ത് ആദ്യമായിട്ടാണ് ഇത്രയും കനത്ത ഒഴുക്ക് കാണുന്നത്. തിരുപ്പതിക്ക് സമീപം സി രാമപുരത്തുള്ള സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലും നഗരത്തിന് സമീപമുള്ള സ്‌കൂളുകളിലും ഹോസ്റ്റലുകളിലും റവന്യൂ അധികൃതര്‍ ദുരിതാശ്വാസ കേന്ദ്രം തുറന്നിട്ടുണ്ട്. അതിനിടെ, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ വിള്ളല്‍ അടയ്ക്കുന്നതിനുള്ള അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു.ജലസംഭരണിയുടെ നീണ്ട ബണ്ട് ഏരിയയും നീര്‍ച്ചാലുകളും ഉള്‍പ്പെടെയുള്ള വ്യക്തമായ ചിത്രം ലഭിക്കാന്‍ ഒരു ഡ്രോണ്‍ ക്യാമറയും വിന്യസിച്ചു. ഏത് സാഹചര്യവും നേരിടാന്‍ പൊലീസ്, എന്‍ഡിആര്‍എഫ് ടീമുകള്‍ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.ഇതിനിടെ ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളിലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജനജീവിതം ദുസ്സഹമാക്കി താഴ്ന്ന മേഖലകളില്‍ വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

© 2022 Live Kerala News. All Rights Reserved.