ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും ഭൂമിയും കെട്ടിടങ്ങളും വില്‍പനയ്ക്ക്

ന്യൂഡല്‍ഹി: ടെലകോം കമ്പനികളായ ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും ഭൂമിയും കെട്ടിടങ്ങളും വില്‍പനയ്ക്ക്. പ്രമുഖ പൊതുമേഖല സ്ഥാപനങ്ങളായ ടെലകോം കമ്പനികളുടെ നഷ്ടം നികത്താന്‍ ആസ്തികള്‍ വില്‍പനയ്ക്ക് ഒരുങ്ങുന്നത്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത രേഖകളിലാണ് വില്‍പനയെ കുറിച്ചുള്ള വിവരങ്ങളുള്ളത്. 1100 കോടി രൂപ തറ വില നിശ്ചയിച്ചിരിക്കുന്ന ആസ്തികളാണ് കേന്ദ്രം വില്‍പനയ്ക്ക് വയ്ക്കുന്നത്. ഹൈദരാബാദ്, ചണ്ഡീഗഡ്, ഭുവനേശ്വര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ബിഎസ്എന്‍എല്ലിന്റെ വസ്തുവഹകളാണ് ഇത്തരത്തില്‍ കൈമാറാന്‍ ഒരുങ്ങുന്നത്. 660 കോടി രൂപയുടെ സമാഹരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.എംടിഎന്‍എല്ലിനെ വസാരി ഹില്‍സ്, മുംബൈയിലെ ഗൊറേഗാവ് എന്നിവിടങ്ങളിലെ വസ്തുവഹക്കളും വില്‍പനയ്ക്കുണ്ട്. 310 കോടി രൂപയാണ് ഡിപാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് വെബ്സൈറ്റില്‍ വസ്തുക്കള്‍ക്കായി രേഖപ്പെടുത്തിയിരിക്കുന്നത്. അസറ്റ് മോണിറ്റൈസേഷന്‍ പദ്ധതിയുടെ ഭാഗമായി ഓഷിവാരയില്‍ സ്ഥിതിചെയ്യുന്ന എംടിഎന്‍എല്ലിന്റെ 20 ഫ്ലാറ്റുകളും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. 52.26 ലക്ഷം മുതല്‍ 1.59 കോടി വരെയാണ് ഇവയുടെ കരുതല്‍ വില.ഡിസംബര്‍ 16നാണ് ലേലം നടക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സുപ്രധാന നീക്കമെന്ന നിലയിലാണ് ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും ഭൂമികള്‍ കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.