കെഎസ്ആർടിസി കണ്ടക്ടർക്ക് യാത്രക്കാരന്റെ ക്രൂര മർദ്ദനം;ആക്രമണം മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തത്തിന്

ആലപ്പുഴ: അമ്പലപ്പുഴയില്‍ മാസ്‌ക് ധരിക്കാതെ കെഎസ്ആര്‍ടിസി ബസില്‍ കയറിയ യാത്രക്കാരനോട് മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ട കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. കണ്ടക്ടര്‍ സജീവനെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്.മൂക്കിന് പരിക്കേറ്റ ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടര്‍ ചേപ്പാട് ത്രിവേണിയില്‍ സജീവനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെ 6.45 ഓടെയായിരുന്നു സംഭവം. ഹരിപ്പാട് ഡിപ്പോയില്‍ നിന്നും ആലപ്പുഴ ഡിപ്പോയിലേക്ക് പുറപ്പെട്ടതാണ് ബസ്. അമ്പലപ്പുഴയില്‍ നിന്നും കയറിയ ഒരു യാത്രക്കാരന്‍ മാസ്‌ക്ക് ധരിച്ചിരുന്നില്ല. ഇത് സജീവന്‍ ചോദ്യം ചെയ്തു. ഇതില്‍ ദേഷ്യം വന്ന യാത്രക്കാരന്‍ സജീവന്റെ മൂക്കില്‍ കൈ ചുരുട്ടി ഇടിക്കുകയായിരുന്നു.ഇടികൊണ്ട് വീണ് കൈകാലുകള്‍ക്കും പരിക്ക് പറ്റി. ആക്രമിച്ച ശേഷം ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപെട്ടു. മൂക്കില്‍ നിന്നും ചോര വാര്‍ന്ന് ഒഴുകിയ സജീവനെ അതേ ബസില്‍ തന്നെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.സജീവന്റെ പരാതിയില്‍ അമ്പലപ്പുഴ സി ഐ ദിജേഷിന്റെ നേതൃത്വത്തില്‍ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങി.

© 2022 Live Kerala News. All Rights Reserved.