ചായക്കട നടത്തി 26 ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ച വിജയന്‍ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്

കൊച്ചി :ഗാന്ധിനഗറില്‍ ചായക്കട നടത്തി ഭാര്യക്കൊപ്പം 26 ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ച കടവന്ത്ര സ്വദേശി വിജയന്‍(76) അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ മോഹനക്കൊപ്പം റഷ്യന്‍ യാത്ര കഴിഞ്ഞു മടങ്ങിയെത്തിയതിന് പിന്നാലെയാണ് മരണം. പതിനാറ് വര്‍ഷം കൊണ്ട് 26 രാജ്യങ്ങളിലാണ് വിജയന്‍ സന്ദര്‍ശിച്ചത്. ചായക്കടയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെയാണ് ഭാര്യയ്ക്കൊപ്പം വിജയന്‍ ലോക സഞ്ചാരം നടത്തിയിരുന്നത്. 2007 ല്‍ ഈജിപ്തിലേക്കായിരുന്നു ആദ്യ വിദേശയാത്ര. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഒടുവിലത്തെ റഷ്യന്‍ യാത്ര.ഇരുപത്തിയേഴ് വര്‍ഷമായി ശ്രീ ബാലാജി കോഫി ഹൗസ് എന്ന കട നടത്തിയിരുന്ന ഇദ്ദേഹം ബാലാജി എന്നാണ് അറിയപ്പെട്ടിരുന്നത്. ലോകം ചുറ്റിക്കാണണം എന്ന ആഗ്രഹത്താല്‍ ചായക്കടയിലെ തുച്ഛമായ വരുമാനത്തില്‍ നിന്ന് പണം കണ്ടെത്തിയാണ് ഇവര്‍ യാത്ര പുറപ്പെടാറുള്ളത്. കോഫി ഷോപ്പിലെ വരുമാനത്തില്‍ നിന്ന് ദിവസവും മൂന്നൂറ് രൂപയോളം മാറ്റിവയ്ക്കും. വീണ്ടും പണം വേണ്ടിവരുമ്പോള്‍ ബാങ്കില്‍ നിന്ന് ലോണെടുക്കും. യാത്ര കഴിഞ്ഞ് തിരികെയെത്തി ചയക്കടയിലൂടെ തന്നെ ലോണ്‍ അടയ്ക്കാനുള്ള പണം കണ്ടെത്തി കടം വീട്ടും. അങ്ങനെയാണ് വിജയന്‍ ഭാര്യയ്‌ക്കൊപ്പം 26 രാജ്യങ്ങള്‍ ചൂറ്റിക്കണ്ടത്.ഇദ്ദേഹത്തെ യാത്രകളെക്കുറിച്ച് നിരവധി ഫീച്ചറുകളും വാര്‍്ത്തകളുമെല്ലാം വന്നിട്ടുണ്ട്. ഈയിടെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ശ്രീ ബാലാജി എന്ന ചായക്കടയില്‍ സന്ദര്‍ശകനായി എത്തിയിരുന്നു. കേരളത്തിലെ സഞ്ചാരികളുടെ സങ്കേതമായിരുന്നു ഈ ചായക്കട.

© 2024 Live Kerala News. All Rights Reserved.