പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാനാവില്ല;പാര്‍ലമെന്റില്‍ നിയമം റദ്ദാക്കും വരെ സമരം തുടരുമെന്നും രാകേഷ് ടിക്കായത്

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ പൂര്‍ണമായും വിശ്വാസത്തിലെടുക്കില്ലെന്ന് കര്‍ഷകര്‍.പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാവില്ലെന്നും പാര്‍ലമെന്റില്‍ നിയമം റദ്ദാക്കും വരെ സമരം തുടരുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു.എംഎസ്പിക്ക് പുറമേ കര്‍ഷകര്‍ ഉന്നയിച്ച മറ്റ് വിഷയങ്ങള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്നും അദ്ദേഹം അറിയിച്ചു.നിയമം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പാര്‍ലമെന്റ് പാസാക്കണം. അതുവരെ ഇത്തരം പ്രഖ്യാപനങ്ങള്‍ ഒന്നും തങ്ങള്‍ വിശ്വസിക്കില്ല, അദ്ദേഹം പറഞ്ഞു.വിഷയം ചര്‍ച്ച ചെയ്യുന്നതിനും അവലോകനം ചെയ്യുന്നതിനുമായി സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ഇന്ന് ചേരുമെന്നും അതിനനുസരിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും രാകേഷ് ടിക്കായത് പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഗുരു നാനാക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പ്രഖ്യാപനം.അടുത്ത മാസം ചേരുന്ന കാബിനറ്റ് യോഗത്തില്‍ ഔദ്യോഗികമായി തീരുമാനം കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.