പൊലീസിനെ സര്‍ക്കാരിന് കീഴിലാക്കിയാല്‍ സുന്ദരികള്‍ക്ക് അര്‍ധരാത്രിയിലും പുറത്തിറങ്ങാം: സോംനാഥ് ഭാരതി

 

ന്യൂ!ഡല്‍ഹി: ഡല്‍ഹിയുടെ ക്രമസമാധാനം ആംആദ്മി പാര്‍ട്ടിയുടെ കീഴിലായാല്‍ സുന്ദരികളായവര്‍ക്ക് അര്‍ധരാത്രിയില്‍ വേണമെങ്കിലും പുറത്തിറങ്ങാനാകുമെന്ന് എഎപിനേതാവും മുന്‍ നിയമമന്ത്രിയുമായ സോംനാഥ് ഭാരതി. രാജ്യതലസ്ഥാനത്തെ പൊലീസ് സേന കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ഡല്‍ഹി പൊലീസിനെ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ കൊണ്ടുവരണമെന്ന് എഎപി സര്‍ക്കാര്‍ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, സോംനാഥ് ഭാരതിയുടെ പ്രസ്താവന വിവാദമായി.

ഡല്‍ഹി സര്‍ക്കാരിനു സുരക്ഷാ ചുമതലയില്‍ പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുകയാണെങ്കില്‍ സുന്ദരികളായവര്‍ക്ക് അര്‍ധരാത്രിയില്‍ പോലും പേടിയില്ലാതെ നടക്കാനാകുമെന്നു തനിക്ക് ഉറപ്പുണ്ട്. വനിതകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചു ഡല്‍ഹി നിയമസഭയില്‍ നടത്തിയ ചര്‍ച്ചയിലാണ് സോംനാഥ് ഭാരതിയുടെ അഭിപ്രായപ്രകടനം. ലൈംഗികച്ചുവയുള്ള പ്രസ്താവന വിവാദമായതിനെത്തുടര്‍ന്നു നിലപാടു വിശദീകരിച്ച് ഭാരതി ഫെയ്‌സ്ബുക്കിലും പ്രസ്താവനയിറക്കി.

എഎപി സര്‍ക്കാരിന് ഡല്‍ഹി പൊലീസിന്റെ നിയന്ത്രണം വന്നാല്‍ സുന്ദരികളായവര്‍ക്കു സ്വര്‍ണം ധരിച്ച് അര്‍ധരാത്രിയില്‍ പേടികൂടാതെ യാത്ര ചെയ്യാമെന്ന സ്ഥിതിയില്‍ സുരക്ഷയെത്തിക്കുമെന്നാണ് താന്‍ പറഞ്ഞതെന്നും മാധ്യമങ്ങള്‍ പ്രസ്താവന വളച്ചൊടിക്കരുതെന്നും ഭാരതി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. അതേസമയം, പ്രസ്താവനയ്‌ക്കെതിരെ വിവിധ രാഷ്ട്രീയകക്ഷികള്‍ രംഗത്തെത്തി.

നേരത്തെ, ദക്ഷിണ ഡല്‍ഹിയില്‍ ആഫ്രിക്കന്‍ വനിതകളുടെ വാസസ്ഥലം റെയ്ഡ് ചെയ്തത് പാര്‍ട്ടിയുടെ പ്രതിഛായയെത്തന്നെ ബാധിച്ചിരുന്നു. ഗാര്‍ഹികപീഡനത്തിനെതിരെ ഭാരതിയുടെ ഭാര്യ തന്നെ പരാതിനല്‍കിയിരുന്നു. എന്നാല്‍ ഇത് സോംനാഥ് ഭാരതി നിഷേധിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.