മോഡലുകളുടെ വാഹനാപകട മരണം; ഹോട്ടല്‍ ഉടമ റോയി വയലാട്ട് അന്‍സിക്കും സുഹൃത്തുക്കള്‍ക്കും മദ്യവും മയക്കുമരുന്നും നല്‍കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍. നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ട് അന്‍സിക്കും സുഹൃത്തുക്കള്‍ക്കും മദ്യവും മയക്കുമരുന്നും നല്‍കിയെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഇത് പുറത്ത് വരാതിരിക്കാനാണ് റോയി ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചത്. ഇക്കാര്യം അന്വേഷണത്തില്‍ കണ്ടത്തിയെന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.ഹോട്ടലില്‍ ഡി.ജെ. പാര്‍ട്ടിക്കായി ഒത്തുകൂടിയ മുന്‍ മിസ് കേരള ആന്‍സി കബീര്‍, മിസ് കേരള മുന്‍ റണ്ണറപ്പ് അന്‍ജന ഷാജന്‍, അബ്ദുള്‍ റഹ്‌മാന്‍ എന്നിവരുമായി റോയിക്ക് മുന്‍ പരിചയമുണ്ടായിരുന്നു. കെ.എ. മുഹമ്മദ് ആഷിഖിനെ മാത്രമാണ് റോയി ആദ്യമായി പരിചയപ്പെടുന്നത്. പരിചയം പുതുക്കിയ റോയി അന്‍സി കബീറിനും സുഹൃത്തുക്കള്‍ക്കും ഡി.ജെ. നടന്ന സ്ഥലത്തുവെച്ചോ ഒന്ന്, രണ്ട് നിലയില്‍ വെച്ചോ മദ്യമോ മയക്കുമരുന്നോ കൊടുത്തെന്നാണ് പൊലീസിന്റെ ആരോപണം.

ഡി ജെ പാര്‍ട്ടി നടന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പില്‍ ആണ്. റൂഫ് ടോപ്പിലെ സി.സി.ടി.വി ക്യാമറയിലെക്കുള്ള വൈദ്യുതി ഉച്ചക്ക് 3.45 ന് തന്നെ വിഛേദിച്ചിരുന്നു. പാര്‍ട്ടിക്കിടെ റോയിയും സൈജുവും തെറ്റായ ഉദ്ദേശ്യത്തോടെ യുവതികളോട് ഹോട്ടലില്‍ താമസിക്കാന്‍ നിര്‍ബന്ധിച്ചു. ഹോട്ടലിന് പുറത്തിറങ്ങിയപ്പോള്‍ സൈജുവും റോയിയും ഇക്കാര്യം വീണ്ടും സംസാരിച്ചു. ഹോട്ടലില്‍ തന്നെ ഒരു പാര്‍ട്ടി കൂടി കൂടാം എന്ന് പറഞ്ഞു. എന്നാല്‍ അവര്‍ അത് നിരസിച്ച് കാറില്‍ യാത്രയായി.കാര്‍ കുണ്ടന്നൂരിലെത്തിയപ്പോള്‍ സൈജു പിന്തുടരുന്നത് കണ്ട് റഹ്‌മാന്‍ കാര്‍ നിര്‍ത്തി. അവിടെ വെച്ച് ഹോട്ടലിലോ ലോഡ്ജിലോ മുറി ബുക്ക് ചെയ്യാമെന്ന് സൈജു നിര്‍ബന്ധിച്ചു. യുവതികളും സുഹുത്തുക്കളും ഇത് സമ്മതിച്ചില്ല. പിന്നീട് അമിത വേഗതയില്‍ പോയ കാറിനെ സൈജുവിന്റെ കാര്‍ പിന്തുടര്‍ന്നു. ഇതോടെയാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.ഇടപ്പളളി വരെ എത്തിയ സൈജു തിരികെ എത്തിയപ്പോഴാണ് അപകടം കാണുന്നത്. തുടര്‍ന്ന് റോയിയെ ഫോണില്‍ വിളിച്ച് അറിയിച്ചു. റോയി മറ്റു പ്രതികളുമായി ചേര്‍ന്ന് ഹാര്‍ഡ് ഡിസ്‌ക് ഊരിമാറ്റി. പിന്നീട് റോയിയുടെ വീടിനടുത്തുള്ള കായലില്‍ ഡിസ്‌ക് വലിച്ചെറിഞ്ഞെന്നാണ് പൊലീസ് ആരോപിക്കുന്നത്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602