പുനഃസംഘടനയിലെ അതൃപ്തി അറിയിക്കും;ഉമ്മന്‍ചാണ്ടി സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച

തിരുവനന്തപുരം: പുതിയ നേതൃത്വത്തിന്റെ നിലപാടുകളിലുള്ള അതൃപ്തി അറിയിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും.പതിനൊന്നരക്ക് സോണിയ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച. പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന് കൂടിക്കാഴ്ചയില്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെടും. സംഘടന തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടന പാടില്ലെന്നാണ് എ ഐ ഗ്രൂപ്പുകളുടെ നിലപാട്. ഇക്കാര്യം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിനെ ഉമ്മന്‍ചാണ്ടി അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ അതൃപ്തി താരിഖ് അന്‍വര്‍ പരസ്യമാക്കുകയും ചെയ്തിരുന്നു. ചില കാര്യങ്ങളില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ടാവുക സ്വാഭാവികമാണ്. ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കും. ശേഷം പുനഃസംഘടന നടപടികളില്‍ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. പുനഃസംഘടനയിലെ അതൃപ്തി അറിയിക്കാന്‍അടുത്തയാഴ്ച്ച രമേശ് ചെന്നിത്തലയും ദില്ലിയില്‍ സോണിയാ ഗാന്ധിയെ കണ്ടേക്കും. അതേസമയം പുനഃസംഘടനക്ക് പൂര്‍ണപിന്തുണയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാധ്യമങ്ങളോടെ പ്രതികരിക്കവെ അറിയിച്ചത്.തിരഞ്ഞെടുപ്പിലേക്ക് ഇനിയും ഏറെ ദൂരമുണ്ടെന്നിരിക്കേ, പാര്‍ട്ടിയെ സംഘടനാ തിരഞ്ഞെടുപ്പിലേക്ക് അടക്കം സജ്ജമാക്കുന്നതിന് ഭാരവാഹികള്‍ ഉണ്ടാവുകയും സജീവമായി അവര്‍ രംഗത്തിറങ്ങുകയും വേണമെന്നാണ് വി.ഡി സതീശന്റെയും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെയും നിലപാട്.

© 2024 Live Kerala News. All Rights Reserved.