മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് വിടവാങ്ങി; അന്ത്യം വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്

കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് (75) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാണ് മരണത്തിന് കാരണം.ഏറെനാള്‍ പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു.തെങ്കാശിയിലാണ് പീര്‍ മുഹമ്മദിന്റെ ജനനം. പിന്നീട് പിതാവിനൊപ്പം തലശ്ശേരിയില്‍ എത്തുകയായിരുന്നു. കാഫ് മല കണ്ട പൂങ്കാറ്റേ, ഒട്ടകങ്ങള്‍ വരിവരി വരിയായ്, തുടങ്ങിയ സൂപ്പര്‍ ഹിറ്റ് മാപ്പിള ഗാനങ്ങള്‍ പീര്‍ മുഹമ്മദിന്റെതാണ്. നാലാം വയസ്സു മുതല്‍ പാട്ടുകള്‍ പാടാന്‍ തുടങ്ങിയ പീര്‍ മുഹമ്മദ് ഏഴാമത്തെ വയസ്സിലാണ് ആദ്യ പാട്ട് റെക്കോര്‍ഡ് ചെയ്യുന്നത്.പതിനായിരത്തിലധികം പാട്ടുകളാണ് പീര്‍ മുഹമ്മദിന്റേതായി റെക്കോര്‍ഡ് ചെയ്തത്. നിരവധി ഗാനമേളകള്‍ സംഘടിപ്പിച്ച അദ്ദേഹം പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനായ വി.എം കുട്ടിയുമൊത്ത് വേദി പങ്കിട്ട് നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അന്യരുടെ ഭൂമി എന്ന സിനിമയില്‍ ‘കോടി ചെന്താമരപ്പൂ വിരിയിക്കും പീലിക്കണ്ണാല്‍…’ , തേന്‍ തുള്ളി എന്ന ചിത്രത്തില്‍ ‘നാവാല്‍ മൊഴിയുന്നേ…’ എന്നീ സിനിമാ ഗാനങ്ങളും പാടിയിട്ടുണ്ട്. 1976ല്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ദൂരദര്‍ശനില്‍ ചെന്നൈ നിലയത്തില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചത് പീര്‍ മുഹമ്മദ് ആയിരുന്നു.കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ്, എ.വി.മുഹമ്മദ് അവാര്‍ഡ്, ഒ അബു ഫൗണ്ടേഷന്‍ അവാര്‍ഡ്, മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ്,ആള്‍ കേരള മാപ്പിള സംഗീത അക്കാദമി അവാര്‍ഡ് കേരള മാപ്പിള കല അക്കാദമി അവാര്‍ഡ്, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അവാര്‍ഡ്, ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.