ത്രിപുര സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു;രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

അഗര്‍ത്തല: ത്രിപുരയിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്ത രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിഎച്ച് പി നേതാവ് കാഞ്ചന്‍ ദാസ് നല്‍കിയ പരാതിയിലാണ് നടപടി.എച്ച്ഡബ്ല്യു ന്യൂസ് നെറ്റ് വര്‍ക്കിലെ സമൃദ്ധി ശകുനിയ, സ്വര്‍ണ ഝാ എന്നിവര്‍ക്കെതിരെയാണ് മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നത് അടക്കം വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. ഡല്‍ഹിയില്‍ നിന്ന് എത്തിയ ഇവരെ ഹോട്ടല്‍ മുറിയില്‍ തന്നെ പൊലീസ് കസ്റ്റഡിയിലാക്കിയിരിക്കുകയാണ്. ഇരുവരും ഇന്ന് ഡല്‍ഹിയിലേക്ക് തിരികെ എത്താനിരിക്കെയാണ് പൊലീസ് നടപടി.

ഉത്തര ത്രിപുരയിലെ പാനിസാഗര്‍ ചംതില്ല പ്രദേശത്ത് ഒക്ടോബര്‍ 26ന് നടന്ന ആക്രമണം റിപ്പോര്‍ട്ട് ചെയ്യാനാണ് ഇരുവരും സംസ്ഥനത്ത് എത്തിയത്. ത്രിപുരയിലെ പാനിസാഗറില്‍ മുസ്ലീം പള്ളിയും കടകളും തകര്‍ത്തത് ഇവരാണ് പുറം ലോകത്തെ അറിയിച്ചത്. എന്നാല്‍ പള്ളി തകര്‍ത്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ബംഗ്ലാദേശില്‍ ദുര്‍ഗ പൂജക്കിടെ ക്ഷേത്രങ്ങള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെയാണ് സംഭവം.നേരത്തെ ത്രിപുരയിലെ സംഘര്‍ഷത്തിന് പിന്നാലെ 102 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു. നാല് സുപ്രീംകോടതി അഭിഭാഷകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് നടപടി. അധിക്ഷേപകരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് കണ്ടെത്തിയതിനാല്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയ്ക്ക് ത്രിപുര പൊലീസ് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602