പട്‌ന: ബിഹാറില്‍ നാല് ദിവസം മുമ്പ് കാണാതായ മാധ്യമപ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ 22 കാരന്റെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍. വെള്ളിയാഴ്ച വൈകുന്നേരം ബീഹാറിലെ മധുബാനി ജില്ലയിലെ ഒരു ഗ്രാമത്തിന് സമീപം റോഡരികില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.പ്രാദേശിക വാര്‍ത്താ പോര്‍ട്ടലില്‍ ജോലി ചെയ്യുന്ന അവിനാഷ് ജാ എന്ന ബുധിനാഥ് ജായെന്ന മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തിയത്.
മെഡിക്കല്‍ ക്ലിനിക്കുകള്‍ വ്യാജമാണെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് ഇയാളെ കാണാതായത്. വ്യാജ ക്ലിനിക്കുകള്‍ക്കെതിരെ അദ്ദേഹം നടത്തിയ അന്വേഷണം ചില ക്ലിനിക്കുകള്‍ അടച്ചുപൂട്ടുന്നതിലേക്കും മറ്റുള്ളവയില്‍ നിന്ന് വന്‍ തുക പിഴ ഈടാക്കുന്നതിലേക്കും നയിച്ചിരുന്നു. ബുധിനാഥിന്റെ റിപ്പോര്‍ട്ടിംഗിനെതിരെ നിവധി ഭീഷണികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മരണം. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. ബെനിപ്പട്ടിയിലെ ലോഹ്യ ചൗക്കിന് സമീപമുള്ള അദ്ദേഹത്തിന്റെ വീടിന് സമീപം സ്ഥാപിച്ച സി.സി.ടി.വിയില്‍ അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് മൃതദേഹം കണ്ടെത്തിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.