‘തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഉത്തരവാദികളെ സമൂഹം വെറുതെ വിടുമെന്ന് കരുതേണ്ടതില്ല’;കാര്‍ട്ടൂണിനെതിരെ വീണ്ടും കെ. സുരേന്ദ്രന്‍

തൃശൂര്‍: ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെ വീണ്ടും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഉത്തരവാദികളെ സമൂഹം വെറുതെ വിടുമെന്ന് കരുതേണ്ടതില്ലെന്ന്സു സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പ്.വിഷയത്തില്‍ നേരത്തെ ഒരു പോസ്റ്റുമായി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സുരേന്ദ്രന്റെ കുറിപ്പ്.മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പിതൃശൂന്യതയാണ് ലളിതകലാ അക്കാദമി കാണിച്ചിരിക്കുന്നത്. സ്വന്തം നാടിനെ അപമാനിക്കാനും അവഹേളിക്കാനും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ തയ്യാറായാല്‍ അതിനെ എതിര്‍ക്കാന്‍ നാടിനെ സ്‌നേഹിക്കുന്നവര്‍ക്ക് മറുത്തൊന്നാലോചിക്കേണ്ടിവരില്ല. നാടു ഭരിക്കുന്നവരാണ് ഇത്തരം നെറികേടുകളെ നിയന്ത്രിക്കേണ്ടത്. അവരതിന് തയ്യാറാവുന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് അതേറ്റെടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.ഒരു അന്താരാഷ്ട്ര കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയുടെ പ്രതിനിധിയായി പശുത്തലയുള്ള കാവി പുതച്ച സന്യാസിയെയാണ് കാര്‍ട്ടൂണിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്. ദിന്‍രാജിനാണ് കേരള ലളിതകലാ അക്കാദമി 2019-20ലെ സംസ്ഥാന കാര്‍ട്ടൂണ്‍ പുരസ്‌കാരം. ‘രാജാ ആന്റ് മഹാരാജ’ എന്ന ശീര്‍ഷകത്തിലുള്ള കാര്‍ട്ടൂണാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരത്തിന് അനൂപ് രാധാകൃഷ്ണനും രതീഷ് രവിയും അര്‍ഹരായി. ഇതില്‍ അനൂപ് രാധാകൃഷ്ണന്റെ കാര്‍ട്ടൂണ്‍ ആണ് സംഘപരിവാറിനെ ചൊടുപ്പിച്ചത്.

© 2024 Live Kerala News. All Rights Reserved.