കേരളത്തില്‍ ഇന്നും കനത്ത മഴ; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; തിരുവനന്തപുരം ജില്ലയില്‍ അതീവ ജാഗ്രത; ഇടുക്കി അണക്കെട്ട് തുറക്കുന്നതില്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയെന്ന് റിപ്പോര്‍ട്ട്. കനത്ത മഴയില്‍ നാശനഷ്ടങ്ങളുണ്ടായ തിരുവനന്തപുരം ജില്ലയില്‍ അതീവ ജാഗ്രതയാണ്. ഏഴു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി,കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.68 അടിയായി ഉയര്‍ന്നു. 2399.03 അടി എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. കനത്ത മഴ തുടര്‍ന്നാല്‍ അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ കെഎസ്ഇബി ഇന്ന് തീരുമാനം എടുത്തേക്കും. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139.85 അടിയായും ഉയര്‍ന്നിട്ടുണ്ട്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലകളിലുള്ളവരും തീരപ്രദേശത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ അന്തമാന്‍ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതാണ് അതിശക്തമായ മഴയ്ക്ക് കാരണം. ഈ ന്യൂന മര്‍ദം ശക്തി പ്രാപിച്ച് ആന്ധ്രാ തീരത്തേക്ക് പ്രവേശിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. തെക്ക് കിഴക്കന്‍ അറബികടലിലും വടക്കന്‍ തമിഴ്‌നാടിനു മുകളിലും ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602