റിസര്‍വ് ബാങ്ക് വായ്പനയ അവലോകനം നാളെ: പലിശ നിരക്ക് കുറഞ്ഞേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: നാളെ നടക്കുന്ന വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറയ്ക്കുമേ എന്നാണ് സാമ്പത്തിക രംഗം വീക്ഷിക്കുന്നത്. എന്നാല്‍ വിലക്കയറ്റം കുറയുമെന്നതിന് ലക്ഷണമെന്നും കാണാതിരിക്കുന്നതിനാല്‍ രണ്ടാം തവണയും പലിശ നിരക്ക് കുറയ്ക്കണോ എന്ന പ്രയാസമേറിയ തീരുമാനമാണ് ആര്‍ബിഐയുടെ മുന്നിലുള്ളത്. വളര്‍ച്ച ശക്തമാക്കാന്‍ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് വ്യവസായ ലോകം.
അടിസ്ഥാന നിരക്കുകളില്‍ കുറവു വരുത്തിയാല്‍ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കുറയും. ഇത് സാധാരണക്കാര്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കും. നിലവിലുള്ള സാമ്പത്തിക കാലാവസ്ഥയില്‍ റിസര്‍വ് ബാങ്ക് എന്തു നിലപാടാകും സ്വീകരിക്കുകയെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് സാമ്പത്തിക രംഗത്തുനിന്നു കേള്‍ക്കുന്നത്.
റിസര്‍വ് ബാങ്ക് രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ക്കു നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണു റീപോ. റീപോ നിരക്കില്‍ കുറവു വരുത്തിയാല്‍ ബാങ്കുകള്‍ വായ്പകള്‍ക്കു നിശ്ചയിക്കുന്ന പലിശ നിരക്കുകള്‍ കുറയ്ക്കും. അത് പ്രതിമാസ തവണകളില്‍ കുറവു വരുത്തും. കഴിഞ്ഞ ജൂണില്‍ നടന്ന വായ്പാ നയ അവലോകനത്തില്‍ റീപോ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചിരുന്നു. 7.5%ല്‍നിന്ന് 7.25% ആയാണു റീപോ നിരക്കുകള്‍ കുറച്ചത്. ഇതിനുശേഷം പ്രമുഖ ബാങ്കുകളെല്ലാം നിരക്കുകളില്‍ കുറവു വരുത്തിയിരുന്നു. ഈ കലണ്ടര്‍ വര്‍ഷത്തില്‍ മൂന്നാം തവണയാണു ജൂണില്‍ റീപോ കുറച്ചത്.
നിലവിലെ സാഹചര്യത്തില്‍ അടിസ്ഥാന നിരക്കുകളില്‍ വ്യത്യാസം വരുത്താന്‍ റിസര്‍വ് ബാങ്ക് മുതിരില്ലെന്നാണു രാജ്യത്തെ ബാങ്കുകള്‍ കരുതുന്നത്. റേറ്റ് കട്ട് പ്രതീക്ഷിക്കുന്നില്ലെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പെഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. മൊത്ത വ്യാപാര വില സൂചിക നെഗറ്റിവിലും ഉപഭോക്തൃ വില സൂചിക ഉയര്‍ന്നും നില്‍ക്കുന്ന സാഹചര്യത്തില്‍ നിരക്കു കുറയ്ക്കാന്‍ സാധ്യത കുറവാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഉപഭോക്തൃ വില സൂചികയാണ് റിസര്‍വ് ബാങ്ക് പ്രധാനമായും പരിഗണിക്കുന്നത്.
രാജ്യത്തെ സാമ്പത്തികാവസ്ഥയും മണ്‍സൂണ്‍ അടക്കമുള്ള ഘടകങ്ങളും റിസര്‍വ് ബാങ്ക് സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നു അതനുസരിച്ചുള്ള തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും ബാങ്ക് ഓഫ് ബറോഡ മാനേജിങ് ഡയറക്ടറും സിഇഒയുമായ രഞ്ജന്‍ ധവാന്‍ പറഞ്ഞു.
അടുത്ത ദിവസം ആര്‍ബിഐ എന്താകും തീരുമാനിക്കുകയെന്നുള്ള പ്രവചനം ഇപ്പോഴത്തെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണെന്നാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ഡെപ്യൂട്ടി മാനെജിങ് ഡയറക്ടര്‍ പരേഷ് സുക്താന്‍കരുടെ അഭിപ്രായം.

© 2024 Live Kerala News. All Rights Reserved.