കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറും മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനുമടക്കം മൂന്ന് പേര്‍ മരിക്കാനിടയായ വാഹനാപകടത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. കാര്‍ ഓടിച്ചിരുന്ന അബ്ദുല്‍ റഹ്‌മാന്‍ ആണ് പൊലീസിന് മൊഴി നല്‍കിയത്.ഹോട്ടലില്‍ നിന്നും ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ അബ്ദുല്‍ റഹ്‌മാന്‍ പോലീസിന് മൊഴി നല്‍കി.
തേവര ഭാഗത്ത് വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് പിറകെയായി ഓഡി കാര്‍ പായുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇരു സംഘങ്ങളും മത്സരയോട്ടം നടത്തിയോ എന്ന സംശയമാണ് പൊലീസിന്. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി റഹ്‌മാന്‍ ഇത്തരത്തില്‍ മൊഴി നല്‍കിയതാണോ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കും.മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവം അപകടമാണെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കാരണങ്ങളാണ് ഇപ്പോള്‍ പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.ഇതിനിടെയാണ് അബ്ദുല്‍ റഹ്‌മാന്‍ മൊഴി നല്‍കിയത്. ഇത് കേസില്‍ നിര്‍ണായകമാവുമെന്നാണ് പൊലീസ് കരുതുന്നത്. മാള സ്വദേശിയായ അബ്ദുള്‍ റഹ്‌മാനാണ് അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ റഹ്‌മാന്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാലാരിവട്ടം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് റഹ്‌മാന്‍ മൊഴിനല്‍കിയത്. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം തന്നെ ഓഡി കാര്‍ തിരികെ അപകടസ്ഥലത്തെത്തുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടപ്പള്ളിയില്‍ എത്തിയ ശേഷമാണ് കാര്‍ തിരികെ വന്നത്. ഓഡി കാറില്‍ നിന്ന് ഇവരുടെ സുഹൃത്തായ റോയ് ഇറങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചു. റോയ് അടക്കമുള്ളവരെ വിശദമായി ചോദ്യം ചെയ്ത് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. അന്‍സിയും അഞ്ജനയും സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിഖ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു.