റഫാല്‍ ഇടപാട്; ഡാസോ ഇടനിലക്കാരന് 65 കോടി കൈക്കൂലി നല്‍കി;തെളിവുണ്ടായിട്ടും അന്വേഷണമുണ്ടായില്ല;തെളിവുകള്‍ പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമം

ന്യൂഡല്‍ഹി: റഫാല്‍ വിമാനങ്ങള്‍ ഇന്ത്യക്കു വില്‍ക്കാനുള്ള കരാര്‍ ഉറപ്പിക്കാനായി ഫ്രഞ്ച് കമ്പനി ഡാസോ ഇടനിലക്കാരന് 7.5 മില്യണ്‍ യൂറോ (ഏകദേശം 65 കോടി രൂപ) കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട്. 2018 ല്‍ തന്നെ കൈക്കൂലി കൈമാറിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടും അന്വേഷിക്കുന്നതില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് വീഴ്ച സംഭവിച്ചതായും മീഡിയപാര്‍ട്ട് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.59,000 കോടി രൂപയുടെ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് ഫ്രഞ്ച് പോര്‍ട്ടല്‍ പുറത്തുവിട്ടത്. ഫ്രാന്‍സിലെ ദസ്സോ ഏവിയേഷനില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ കോഴ ലഭിച്ചുവെന്ന ആരോപണം ശരിവെക്കുന്ന രേഖകളാണ് മീഡിയപാര്‍ട്ട് പുറത്തുവിട്ടത്.

സുശേന്‍ ഗുപ്ത എന്ന ഇടനിലക്കാരന് രഹസ്യമായി കമ്മിഷന്‍ നല്‍കാന്‍ ഡാസോ കമ്പനി തയാറാക്കിയ വ്യാജ ഇന്‍വോയിസുകളുടെ പകര്‍പ്പും പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ചു. ഈ രേഖകള്‍ ഉണ്ടായിട്ടും ഇന്ത്യന്‍ ഏജന്‍സികള്‍ അഴിമതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സുശേന്‍ ഗുപ്തയ്ക്ക് കമ്പനി കമ്മിഷന്‍ നല്‍കിയെന്നതിന്റെ തെളിവ് 2018 ഒക്ടോബര്‍ മുതല്‍ തന്നെ സിബിഐയ്ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ലഭിച്ചിരുന്നുവെന്നും പോര്‍ട്ടല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്ത ഗുപ്തയുടെ ഷെല്‍ കമ്പനിയായ ഇന്റര്‍സ്റ്റെല്ലര്‍ ടെക്നോളജീസ് വഴി 2007നും 2012-നും ഇടയില്‍ 7.5 മില്യണ്‍ യൂറോ ഡാസോ കമ്പനിയില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിഷയത്തില്‍ മീഡിയപാര്‍ട്ട് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഫ്രാന്‍സില്‍ ജുഡീഷ്യല്‍ അന്വേഷണം നടക്കുകയാണ്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലികോപ്ടര്‍ ഇടപാടിലും സുശേന്‍ ഇടനിലക്കാരനായിരുന്നുവെന്നാണ് കണ്ടെത്തല്‍

© 2024 Live Kerala News. All Rights Reserved.