ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ ജവാന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തു. നാല് സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് സംഭവം. പുലര്‍ച്ചെ 3.45ന് മറൈഗുഡയ്ക്ക് കീഴിലുള്ള സി/50 ലിംഗലാപള്ളിയിലെ റീതേഷ് രഞ്ജന്‍ എന്ന ജവാന്‍ സഹസൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സിആര്‍പിഎഫ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ഉടന്‍ ഭദ്രാചലം ഏരിയാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും നാല് പേര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ രണ്ട് സിആര്‍ പി എഫ് ജവാന്മാരെ വിദഗ്ദ ചികിത്സയ്ക്കായി വിമാനമാര്‍ഗം റായ്പുരിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.എന്തിനാണ് സൈനികന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.