ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിക്ക് നേരെ വധശ്രമം. മുസ്തഫ അല്‍ ഖാദിമിയുടെ ബാഗ്ദാദിലെ വസതിക്ക് നേരെ ഡ്രോണ്‍ ആക്രമണമാണ് ഉണ്ടായത്. ഞായാറാഴ്ച പുലര്‍ച്ചെയാണ് സംഭവം.സ്ഫോടക വസ്ഥുക്കള്‍ വഹിച്ച ഡ്രോണ്‍ പ്രധാമന്ത്രിയുടെ വസതിയിലേക്ക് ഇടിച്ചിറക്കുകയായിരുന്നു എന്ന് സൈന്യത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ നടന്നത് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള വധശ്രമമാണെന്ന് ഇറാഖ് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. പ്രധാനമന്ത്രി സുരക്ഷിതനാണ് എന്നും സൈന്യം വ്യക്തമാക്കി. താന്‍ സുരക്ഷിതനാണ് എന്ന് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയും അറിയിച്ചു.
പ്രധാനമന്ത്രിയുടെ വസതിയ്ക്ക് പുറത്ത് വെടിവയ്പ്പ് ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും എംബസികള്‍ ഉള്‍പ്പെടെ നയതന്ത്ര കാര്യാലങ്ങളും പ്രവര്‍ത്തിക്കുന്ന മേഖലയാണ് ബാഗ്ദാദിലെ ഗ്രീന്‍ സോണ്‍.ഇറാഖിലെ തിരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് പ്രധാനമന്ത്രിക്കു നേരെ വധശ്രമമുണ്ടായത്.