മൂന്നു മലയാളികളുള്‍പ്പെടെ 20 ഇന്ത്യക്കാര്‍ ഐ എസില്‍: കൂടുതല്‍ മലയാളികളെ പണം നല്‍കി ഐ എസില്‍ ചേര്‍ക്കുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ മൂന്ന് മലയാളികള്‍ അംഗങ്ങളായതായി സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റെ സ്ഥിരീകരണം. ഗള്‍ഫില്‍ ജോലിചെയ്തിരുന്ന ഇവര്‍ സിറിയയില്‍ എത്തിയതായാണ് സൂചന.

ആറുമാസം മുമ്പ് ഒരു മലയാളി ഐ.എസ്സില്‍ ചേര്‍ന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. മറ്റ് രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്തിടെയാണ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചത്. ഇവരെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
രാജ്യത്ത് ഇരുപതോളം പേര്‍ ഐ.എസ്സില്‍ അംഗങ്ങളായിട്ടുണ്ട്. ഇവരില്‍ ഏറെയും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. മറ്റ് വിവാദ സംഘടനകളില്‍ നിരവധി കശ്മീര്‍ യുവാക്കള്‍ അംഗങ്ങളായിട്ടുണ്ടെങ്കിലും ഐ.എസ്സില്‍ ഈ സംസ്ഥാനത്തുനിന്ന് അധികംപേര്‍ അണിചേര്‍ന്നിട്ടില്ലെന്നത് ശ്രദ്ധേയം. ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എല്‍.സി. ഗോയല്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാരുടെയും പോലീസ്ഇന്റലിജന്‍സ് മേധാവികളുടെയും യോഗത്തില്‍, ഇന്ത്യയില്‍നിന്ന് ഐ.എസ്സിലേക്കുള്ള റിക്രൂട്ട്‌മെന്റിനെക്കുറിച്ച് ചര്‍ച്ച നടന്നു.

ഐ.എസ്. ഭീകരതയ്‌ക്കെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ അതിശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഐ.എസ്. ആഭിമുഖ്യം സംശയിക്കപ്പെടുന്നവരുമായി സൗഹൃദമുള്ള അമുസ്ലിങ്ങളെപ്പോലും ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നാടുകടത്തുന്നുണ്ടെന്ന് യോഗം വിലയിരുത്തി. കശ്മീരില്‍ ചില യുവാക്കള്‍ ഐ.എസ്. പാതാകയേന്തിയ സംഭവമൊഴിച്ചാല്‍, ഈ സംഘടനയ്ക്കനുകൂലമായി പരസ്യ നിലപാട് രാജ്യത്ത് ഒരിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ഒരു സംഘടനയും ഐ.എസ്സിനെ അനുകൂലിക്കുന്നുമില്ല. ഈ പ്രതികൂല സാഹചര്യങ്ങളിലും ഇരുപതോളം പേര്‍ സംഘടനയില്‍ അംഗങ്ങളായി എന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്ന് യോഗം വിലയിരുത്തി.

സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണ രീതിയാണ് ഐ.എസ്. നടത്തുന്നത്. പോലീസിന്റെ സൈബര്‍ ഇന്റലിജന്‍സ് വിഭാഗം സോഷ്യല്‍ മീഡിയാ നിരീക്ഷണം ശക്തമാക്കും. വിദേശ പണം ഒഴുക്കി പാവപ്പെട്ട യുവാക്കളെ ഐ.എസ്സിലേക്ക് ചേര്‍ക്കാനുള്ള ശ്രമങ്ങളും ചെറുക്കും. കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഐ.എസ്. ഭീകരതയ്‌ക്കെതിരായ ബോധവത്കരണത്തിനുള്ള സാധ്യതകളും അധികൃതര്‍ ആരായും. രാജ്യദ്രോഹ പ്രവണതകള്‍ക്കെതിരെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നടക്കുന്ന ബോധവത്കരണ രീതിയില്‍, മതസ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള ബോധവത്കരണമാണ് ആലോചിക്കുന്നത്. ഐ.എസ്. ഭീകരത സംബന്ധിച്ച് സംസ്ഥാനങ്ങളിലെ പോലീസ് ഉന്നതരുടെ യോഗം കഴിഞ്ഞമാസം ചേരാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും മാറ്റിവെക്കുകയായിരുന്നു. ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. കേരളത്തില്‍നിന്ന് ആഭ്യന്തര സെക്രട്ടറി നളിനിനെറ്റോ, സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍, ഇന്റലിജന്‍സ് മേധാവി എ.ഹേമചന്ദ്രന്‍ എന്നിവരാണ് പങ്കെടുത്തത്.

curtesy: mathrubhumi, P ANIL KUMAR

© 2024 Live Kerala News. All Rights Reserved.