പ്രധാനമന്ത്രി കേദാര്‍നാഥില്‍ ; ശങ്കരാചാര്യരുടെ പ്രതിമ മോദി അനാച്ഛാദനം ചെയ്തു; 130 കോടിയുടെ വികസന പദ്ധതികളും

ഡെഹറാഡൂണ്‍: കേദാര്‍നാഥില്‍ ആദിഗുരു ശങ്കരാചാര്യരുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. കാലത്ത് ആറരയോടെ എത്തിയ പ്രധാനമന്ത്രി ക്ഷേത്രത്തില്‍ ദര്‍ശന നടത്തി.കേദാര്‍നാഥില്‍ 130 കോടിയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കേദാര്‍നാഥ് സന്ദര്‍ശന പരിപാടിയുടെ ആദ്യ ചടങ്ങായിരുന്നു ശങ്കരാചാര്യരുടെ പുനര്‍നിര്‍മ്മിച്ച പ്രതിമയുടെ അനാച്ഛാദനം. 35 ടണ്‍ ഭാരവും 12 അടി ഉയരവുമുള്ള പ്രതിമയാണ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്. ഉദ്ഘാടന ചടങ്ങിന് ശേഷം പ്രധാനമന്ത്രി ശങ്കര പ്രതിമയ്ക്ക് മുന്നില്‍ ഏകനായി പ്രാര്‍ത്ഥനയില്‍ മുഴുകുകയും ചെയ്തു. 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ തകര്‍ന്ന ശങ്കരാചാര്യരുടെ സമാധിയാണ് പുനര്‍നിര്‍മിച്ചിരിക്കുന്നത്. 2019 ല്‍ ആയിരുന്നു ശങ്കരാചാര്യ പ്രതിമയുടെ നിര്‍മാണം ആരംഭിച്ചത്.പ്രതിമയുടെ പുനര്‍നിര്‍മാണത്തിന് പുറമെ പുരോഹിതരുടെ താമസസ്ഥലങ്ങള്‍, വിവിധ സ്നാനഘട്ടങ്ങള്‍, നദിയുടെ പാര്‍ശ്വഭിത്തികള്‍, പോലീസ് സ്റ്റേഷന്‍, ആശുപത്രി, ഗസ്റ്റ് ഹൗസുകള്‍ എന്നിവയും പുനര്‍നിര്‍മിച്ചവയില്‍ ഉള്‍പ്പെടും. മന്ദാകിനി നദിക്ക് കുറുകെ നിര്‍മിച്ച പാലവും പുനര്‍നിര്‍മിച്ചിട്ടുണ്ട്. ഇതിന് പുറമെ 400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കേദാര്‍പുരി പുനര്‍നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. .രാവിലെ ഡെറാഡൂണ്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലഫ്റ്റനന്റ് ജനറല്‍ ഗുര്‍മിത് സിംഗ് (റിട്ട), മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കര്‍ പ്രേംചന്ദ് അഗര്‍വാള്‍, മന്ത്രിമാരായ സുബോധ് ഉനിയാല്‍, ഗണേഷ് ജോഷി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡില്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്ര്ീയ പ്രാധാന്യവും കല്‍പ്പിക്കപ്പെടുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.