മുന്‍ സര്‍ക്കാരുകള്‍ പൊതുപണം കബ്‌റിസ്ഥാന് വേണ്ടി ഉപയോഗിച്ചു; ബിജെപി സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: മുന്‍പ് ഉണ്ടായിരുന്ന സര്‍ക്കാരുകള്‍ പൊതുപണം കബ്‌റിസ്ഥാന് വേണ്ടിയാണ് ഉപയോഗിച്ചിരുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ബിജെപി സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് യോഗി പറഞ്ഞു. ദീപാവലിയോട് അനുബന്ധിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നടത്തിയ റാം കഥ പാര്‍ക്കില്‍ സംസാരിക്കവെയാണ് വിഭാഗീയമായി യോഗി പ്രസംഗിച്ചത്.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുകയാണ്. 500 ക്ഷേത്രങ്ങളുടെയും മത കേന്ദ്രങ്ങളുടെയും വിപുലീകരണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയും ഉത്തര്‍ പ്രദേശില്‍ നടപ്പാക്കി വരികയാണ്. 300 കേന്ദ്രങ്ങളില്‍ പ്രവൃത്തി കഴിഞ്ഞു. ബാക്കിയുള്ളവ രണ്ടു മാസത്തിനകം തീര്‍ക്കും. ഖബറിസ്ഥാനെ സ്നേഹിച്ചവര്‍ അവിടെ പണം ചെലവഴിച്ചു. മതത്തെയും സംസ്‌കാരത്തെയും സ്നേഹിച്ചവര്‍ അതിന് വേണ്ടിയും പണം ചെലവഴിക്കുന്നു. 30 വര്‍ഷം മുമ്പ് സംസ്ഥാനത്ത് ജയ് ശ്രീറാം വിളിക്കുന്നത് കുറ്റകരമായിരുന്നു. ഇന്ന് സാഹചര്യം മാറിയെന്നും യോഗി പറഞ്ഞു.2023ഓടെ നിര്‍മാണം പൂര്‍ത്തിയാകും. അയോധ്യ പുതിയ സാംസ്‌കാരിക നഗരമായി മാറും. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ അയോധ്യയിലേക്ക് ആകര്‍ഷിക്കുമെന്നും യോഗി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.