ഇന്ത്യയുടെ വാക്‌സീന് ലോകത്തിന്റെ അംഗീകാരം;കോവാക്‌സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് വേണ്ടി ഇന്ത്യ നിര്‍മ്മിച്ച ‘കോവാക്‌സിന്’ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നല്‍കി.18 വയസ്സിനു മുകളിലുള്ളവര്‍ക്ക് കോവാക്സീന്‍ ഉപയോഗിക്കാനാണ് അനുമതി. ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പാണ് കോവാക്‌സിന്റെ എമര്‍ജന്‍സി യൂസേജ് ലിസ്റ്റിങ് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്.
ഏപ്രില്‍ 19നാണ് അനുമതിക്കായി ഭാരത ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചത്. യുഎസ് വാക്‌സീനുകളായ ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഓക്‌സ്ഫഡ് വികസിപ്പിച്ച കോവിഷീല്‍ഡ്, വാക്‌സെവിരിയ, ചൈനയുടെ സിനോവാക് എന്നീ വാക്‌സീനുകള്‍ക്കു മാത്രമാണ് നിലവില്‍ ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയത്.

വാക്‌സീന്‍ പരീക്ഷണ ഫലം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതിനുസരിച്ച് കമ്പനി കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇന്ന് ചേര്‍ന്ന സംഘടനയുടെ ഉപദേശക സമിതി യോഗത്തിലാണ് ഇന്ത്യ ഏറെ നാള്‍ കാത്തിരുന്ന നിര്‍ണായക തീരുമാനം എത്തിയത്. ഡബ്ല്യുഎച്ച്ഒ അംഗീകാരം ലഭിക്കുന്നത് വാക്സീന്‍ എടുത്ത ശേഷം വിദേശയാത്രയ്ക്ക് തയാറെടുക്കുന്നവര്‍ക്കു ഗുണകരമാകും.ഇന്ത്യയ്ക്കു പുറമേ, ഇറാന്‍, ഗയാന, മൗറീഷ്യസ്, മെക്‌സിക്കോ, നേപ്പാള്‍, പരാഗ്വേ, ഫിലിപ്പൈന്‍സ്, സിംബാബ്‌വെ എന്നീ രാജ്യങ്ങളാണ് കോവാക്‌സിന് നേരത്തെ അടിയന്തര ഉപയോഗാനുമതി നല്‍കിയത്. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി അടുത്തിടെ ഒമാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും അംഗീകാരം നല്‍കിയിരുന്നു.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602