തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാര്‍ലറുകളില്‍ വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പബ് പോലുള്ള സൗകര്യങ്ങളില്ലാത്തത് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.കൊവിഡില്‍ കേരളത്തിലെ ഐടി പാര്‍ക്കുകള്‍ പലതും അടച്ചുപൂട്ടി കമ്പനികള്‍ വര്‍ക് ഫ്രം ഹോം മോഡിലേക്ക് മാറിയതോടെയാണ് ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ നിലച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധി തീരുന്ന മുറയ്ക്ക് ഇക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്താകെ ഒന്നര ലക്ഷം ഐടി ജീവനക്കാരാണുള്ളത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ മാത്രം ജോലി ചെയ്യുന്നത് 60,000 പേരാണ്. ടെക്‌നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി ഇത്രയധികം പേര്‍ ജോലി ചെയ്യുന്നുണ്ടെന്നിരിക്കേ, ഇവര്‍ക്ക് വിശ്രമസമയങ്ങളും ഇടവേളകളും ചെലവഴിക്കാന്‍ ഇത്തരം കേന്ദ്രങ്ങള്‍ തുറക്കുന്നത് കൂടുതല്‍ ടെക്കികളെ കേരളത്തിലെ ഐടി പാര്‍ക്കുകളിലേക്ക് ആകര്‍ഷിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ഇന്ന് ഐടി മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലായിരുന്നു ചോദ്യോത്തരവേളയിലെ പ്രധാന ഊന്നല്‍. അതിലാണ് ഐടി പാര്‍ലറുകളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. കുറുക്കോളി മൊയ്തീന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം, ഐടി മേഖലയില്‍ വിനോദോപാധികള്‍ കൊണ്ടുവരുന്ന നടപടികളെല്ലാം സ്വാഗതം ചെയ്യുന്നതായി ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി പ്രതിനിധി വിനീത് ചന്ദ്രന്‍ പ്രതികരിച്ചു.