കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്ത്രമന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍; അറസ്റ്റ് 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്ത്രമന്ത്രി അനില്‍ ദേശ്മുഖിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ ഇഡിയുടെ ഓഫീസില്‍ വച്ചാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.ആഭ്യന്തര മന്ത്രിയായിരിക്കെ പൊലീസുകാരെ ഉപയോഗിച്ച് പണപ്പിരിവ് നടത്തി, 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവവുമായുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അറസ്റ്റ്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇ.ഡി പലതവണ ദേശ്മുഖിന് നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരാവുന്നതിനെതിരെ ദേശ്മുഖ് നല്‍കിയ ഹരജി കോടതി തള്ളിയിരുന്നു.ഇതിന് പിന്നാലെയാണ് മുന്‍ എന്‍.സി.പി മന്ത്രി ചോദ്യം ചെയ്യലിന് ഹാജരായത്.കേസില്‍ ദേശ്മുഖിന്റെ പേഴ്‌സനല്‍ സെക്രട്ടറി സഞ്ജീവ പലാന്‍ഡെ, പേഴ്‌സനന്‍ അസിസ്റ്റന്റ് കുന്ദന്‍ ഷിന്‍ഡെ എന്നിവരെ ജൂണില്‍ അറസ്റ്റു ചെയ്തിരുന്നു.

© 2022 Live Kerala News. All Rights Reserved.