സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം

റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു. വ്യാഴാഴ്ചയാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകര്‍ത്തത്.

സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ അപരിഷ്‌കൃതമാണെന്ന് അറബ് സഖ്യസേന പറഞ്ഞു. ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ നിന്ന് സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളെയും സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും സഖ്യസേന കൂട്ടിച്ചേര്‍ത്തു.

അതേസമയം ചൊവ്വാഴ്ച അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വന്ന സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ സൗദി സഖ്യസേന തകര്‍ത്തിരുന്നു. ഈ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ആകെ എട്ട് പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. അതിന് ശേഷം അബഹ വിമാനത്താവളത്തിന് നേരെ മറ്റൊരു ഡ്രോണ്‍ ആക്രമണവും സൗദി സഖ്യസേന പരാജയപ്പെടുത്തിയിരുന്നു.

എന്നാല്‍ ഈ ആക്രമണത്തില്‍ ആര്‍ക്കും പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിരുന്നില്ല. 24 മണിക്കൂറിനിടെ വിമാനത്താവളത്തിന് നേരെയുണ്ടായ രണ്ട് ആക്രമണങ്ങളിലൂടെ ഹൂതികള്‍ യുദ്ധക്കുറ്റത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് അറബ് സഖ്യസേന ആരോപിച്ചിരുന്നു