‘ഇത് മഹത്തായ ദിനം’; അഫ്ഗാനില്‍ യുദ്ധം അവസാനിച്ചെന്ന് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യുദ്ധം അവസാനിച്ചുവെന്ന് താലിബാന്‍. ഒറ്റപ്പെട്ട് ജീവിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വ്യക്തമാക്കുമെന്നും താലിബാന്‍ വക്താവ് മുഹമ്മദ് നയീം അല്‍ ജസീറയോട് പ്രതികരിച്ചു. താലിബാന്റെ രാഷ്ട്രീയകാര്യ വക്താവാണ് മുഹമ്മദ് നയീം.

ദൈവത്തിന് നന്ദി, അഫ്ഗാനിലെ യുദ്ധം അവസാനിച്ചു. ഞങ്ങള്‍ അന്വേഷിച്ചത് എന്താണോ അത് നേടിക്കഴിഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനങ്ങളുടെ സ്വതന്ത്ര്യവുമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. ഈ രാജ്യത്തെ മറ്റുള്ളവരുടെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങള്‍ ജനങ്ങളെ ഉപദ്രവിക്കില്ലെന്നും താലിബാന്‍ വക്താവ് പ്രതികരിച്ചു.

അന്താരാഷ്ട്ര സമൂഹവുമായി സമാധാനപരമായ ബന്ധമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. അഫ്ഗാന്‍ ജനതയ്ക്കും മുജാഹീദിനുകള്‍ക്കും മഹത്തായ ദിനമാണ് ഇന്ന്. 20 വര്‍ഷത്തെ അവരുടെ അധ്വാനവും ത്യാഗവുമാണ് ഇന്ന് ഫലം കണ്ടിരിക്കുന്നത്.-മുഹമ്മദ് നയീം പറഞ്ഞു.

ഞായറാഴ്ചയാണ് താലിബാന്‍ കാബൂളില്‍ പ്രവേശിച്ച് അധികാരം കൈക്കലാക്കിയത്. പ്രസിഡന്റ് അഷ്‌റഫ് ഗനി കാബൂള്‍ വിട്ടതിനു പിന്നാലെ താലിബാന്‍ ഭീകരര്‍ പ്രസിഡന്റ് കൊട്ടാരത്തില്‍ കയറി കൊടി നാട്ടുകയായിരുന്നു. അക്രമമല്ല ലക്ഷ്യമെന്നും ബലം പ്രയോഗിച്ച് അധികാരം നേടിയെടുക്കില്ലെന്നും കഴിഞ്ഞ ദിവസം തന്നെ താലിബാന്‍ വ്യക്തമാക്കിയിരുന്നു.

© 2022 Live Kerala News. All Rights Reserved.