പഞ്ചാബ് ആക്രമണം: ഭീകരര്‍ ധരിച്ചിരുന്ന ഗ്ലൗസ് പാക്ക് നിര്‍മിതമെന്ന് അന്വേഷണ സംഘം

 

ഗുര്‍ദാസ്പൂര്‍: പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച ഭീകരര്‍ ധരിച്ചിരുന്നത് പാക്കിസ്ഥാനില്‍ നിര്‍മിച്ച കയ്യുറ (ഗ്ലൗസ്) ആയിരുന്നുവെന്ന് അന്വേഷണസംഘം. ‘മെയ്ഡ് ഇന്‍ പാക്കിസ്ഥാന്‍’ എന്ന ടാഗ് കയ്യുറയില്‍ ഉണ്ടായിരുന്നു. രാത്രി ദൃശ്യങ്ങള്‍ വ്യക്തമായി കാണുവാന്‍ സാധിക്കുന്ന ഉപകരണവും ഇവരില്‍ നിന്ന് കണ്ടെത്തിയെന്നും അന്വേഷണ സംഘം അറിയിച്ചു.

പൊലീസിന്റെയും സൈന്യത്തിന്റെയും പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ പോസ്റ്റ്‌മോര്‍ട്ടം നിര്‍വഹിച്ച ഡോക്ടര്‍മാരാണ് കയ്യുറയിലെ ടാഗ് കണ്ടത്. മൂന്നു ഭീകരരില്‍ ഒരാളുടെ കൈയ്യിലാണ് ടാഗ് കണ്ടെത്തിയത്. പാക്കിസ്ഥാന് ഭീകരാക്രമണത്തിലുള്ള പങ്ക് വ്യക്തമാക്കുന്നതാണ് ഇതെന്ന് പൊലീസ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ഭീകര്‍ക്കെതിരായ ആക്രമണത്തിനുശേഷം പൊലീസ് സ്റ്റേഷനും പരിസരങ്ങളും അരിച്ചുപെറുക്കിയിരുന്നുവെങ്കിലും യാതൊന്നും കണ്ടെത്താനായിരുന്നില്ല. പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് കൈമാറി. അവരു നടത്തിയ പരിശോധനയിലാണ് മെയ്ഡ് ഇന്‍ പാക്കിസ്ഥാന്‍ എന്ന ടാഗ് ഭീകരന്റെ കയ്യുറയില്‍ കണ്ടെത്തിയത്.

യുഎസ് സര്‍ക്കാരിന്റേതെന്നു രേഖപ്പെടുത്തിയ രാത്രികാല ദൃശ്യങ്ങള്‍ വ്യക്തമാക്കുന്ന ഒരു ഉപകരണവും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ലഭിച്ചതാകാം ഈ ഉപകരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടിരിക്കുന്നതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ഗുര്‍ദാസ്പൂരിലെ ദിനഗറില്‍ കഴിഞ്ഞദിവസം നടന്ന ഭീകരാക്രമണത്തില്‍ പൊലീസ് സൂപ്രണ്ട് ബല്‍ജിത് സിങ് അടക്കം 10 പേരാണ് കൊല്ലപ്പെട്ടത്. മൂന്നു ഭീകരരെയും 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സുരക്ഷാ സേന വധിച്ചത്. ഭീകരരെ വധിച്ച സ്ഥലത്തുനിന്ന് രണ്ട് ജിപിഎസുകള്‍ കിട്ടിയിരുന്നു. ഒന്നില്‍ ദിനനഗര്‍ പൊലീസ് സ്റ്റേഷന്റെ സ്ഥലവിവരം രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊന്നു പരിശോധിച്ചപ്പോള്‍ അതിര്‍ത്തിയിലെ ബാമിയല്‍ എന്ന സ്ഥലത്തുകൂടിയാണ് അവര്‍ ഇന്ത്യയിലേക്കു പ്രവേശിച്ചതെന്നും സൂചന ലഭിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.