സംസ്ഥാനത്തെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി: മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജനസംഖ്യയുടെ 33.88 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 47.17 ശതമാനം പേര്‍ക്കുമാണ് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയത്.

ജനസംഖ്യയുടെ 11.19 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ള 15.57 ശതമാനം പേര്‍ക്കും രണ്ടാം ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ഇതോടെ ഒന്നും രണ്ടും ഡോസ് വാക്സിന്‍ ചേര്‍ത്ത് ആകെ ഒന്നര കോടി പേര്‍ക്കാണ് (1,50,58,743 ഡോസ്) വാക്സിന്‍ നല്‍കിയത്. അതില്‍ 1,13,20,527 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 37,38,216 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.സ്ത്രീകളാണ് പുരുഷന്‍മാരെക്കാര്‍ കൂടുതല്‍ വാക്സിനെടുത്തത്. 51.94 ശതമാനം (78,20,413) സ്ത്രീകളും 48.05 ശതമാനം (72,35,924) പുരുഷന്‍മാരുമാണ് വാക്സിന്‍ എടുത്തത്. 18നും 44 വയസിനും ഇടയിലുള്ള 34,20,093 പേരും, 45നും 60 വയസിനും ഇടയിലുള്ള 52,13,832 പേരും, 60 വയസിന് മുകളിലുള്ള 64,24,818 പേരുമാണ് വാക്സിന്‍ സ്വീകരിച്ചത്.

18 വയസിനും 23 വയസിനും ഇടയിലുള്ള സംസ്ഥാനത്തും പുറത്തും പഠിക്കുന്ന എല്ലാ കോളേജ് വിദ്യാര്‍ത്ഥികള്‍, സ്വകാര്യ ബസ് ജീവനക്കാര്‍, അതിഥി തൊഴിലാളികള്‍, മാനസിക വെല്ലുവിളിയുള്ളവര്‍ എന്നിവരെക്കൂടി പുതുതായി വാക്സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി.

© 2025 Live Kerala News. All Rights Reserved.