‘ടൗട്ടെ’ ചുഴലിക്കാറ്റ്: കേരളത്തില്‍ ശക്തമായ മഴ തുടരുന്നു,​ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാർ: മുഖ്യമന്ത്രി

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാനം തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രാത്രി വളരെ നിർണ്ണായകമാണ്. റെഡ് അലെർട് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എന്‍ഡിആര്‍എഫ് സംഘങ്ങള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ടെന്നും അതീവ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിതീവ്രമോ ശക്തമായതോ ആയ മഴ ഉണ്ടാവും. കണ്ണൂർ കാസർകോട് ജില്ലകളിൽ ചുഴലിക്കാറ്റിൻ്റെ നേരിട്ടുള്ള സ്വാധീനം ഉണ്ടായേക്കാം. സമീപ ജില്ലകളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ എന്നിവ മാറ്റണം. എല്ലാവരും സ്വന്തം വീട്ടിലെ മരങ്ങൾ ശ്രദ്ദിക്കണം ആവശ്യമെങ്കിൽ ശാഖകൾ വെട്ടിക്കളയണം. ശക്തമായ മഴ തുടർന്നാൽ ന​ഗരങ്ങളിലും താഴ്ന്നപ്രദേശങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായേക്കാം. ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടാൽ വീട്ടിൽ നിന്നും ക്യാംപുകളിലേക്ക് മാറാന്‍ ജനങ്ങൾ തയ്യാറാവണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

© 2024 Live Kerala News. All Rights Reserved.