തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ വാക്സിന്‍ മുന്‍ഗണനക്രമം പ്രകാരം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ വാങ്ങാന്‍ തീരുമാനിച്ചതില്‍ മൂന്നര ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ ഇന്ന് സംസ്ഥാനത്തെത്തി. ഇത് ഗുരുതരമായ രോഗം ബാധിച്ചവര്‍, വീടുകളിലെത്തുന്ന വാര്‍ഡ് തല സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയ മുന്‍ഗണന ഗ്രൂപ്പിന് ആദ്യം നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ വാങ്ങിയ 3,50,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് ഇന്നുച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമാണ് കേരളം വാക്സിന്‍ വാങ്ങിയത്. വാക്സിന്‍ മഞ്ഞുമ്മലിലെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ മേഖലാ വെയര്‍ ഹൗസിലേക്ക് മാറ്റി.
ഓരോ ജില്ലയ്ക്കും എത്ര ഡോസ് വീതമാണ് നല്‍കുകയെന്നത് സംസ്ഥാന ആരോഗ്യ വകുപ്പാണ് തീരുമാനിക്കുക. ഇതിനു ശേഷം ഓരോ ജില്ലക്കുമുള്ളത് ഇവിടെ നിന്നും വിതരണം ചെയ്യും.
സൗജന്യ വാക്സിനേഷന് യജ്ഞം തടസമില്ലാതെ തുടരുന്നതിനായി കോവിഡ് വാക്സിന്‍ കമ്ബനികളില്‍ നിന്നും നേരിട്ടുവാങ്ങുമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതിന്റെ ഭാഗമായാണ് ഒരു കോടി ഡോസ് വാക്സിന്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഇന്നെത്തിയ വാക്സിന്‍ പുറമെ കൂടുതല്‍ വാക്സിന്‍ ഉടന്‍ എത്തും.
സിഎഫ്എൽടിസികൾ, സിഎസ്എൽടിസികൾ, ഡിസിസികൾ ഇവ ഇല്ലാത്തിടങ്ങളിൽ ഉടൻ സ്ഥാപിക്കും. ഇതിനായി വാർഡ് തല സമിതികൾ ശക്തമാക്കുന്നുണ്ട്. പൾസ് ഓക്സി മീറ്റർ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ നടപടിയെടുക്കും എന്നും അദ്ദേഹം പറഞ്ഞു.