അശ്ലീലസൈറ്റുകള്‍ക്ക് വിലക്ക്; സോഷ്യല്‍മീഡിയയില്‍ വന്‍പ്രതിഷേധം

 

ന്യൂഡല്‍ഹി: രാജ്യത്ത് അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത പരന്നതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം.

പ്രമുഖ ഇന്‍ര്‍നെറ്റ് സേവനദാതാക്കള്‍ അശ്ലീലവെബ്‌സൈറ്റുകള്‍ ശനിയാഴ്ച മുതലാണ് നല്‍കാതായത്. ഇത്തരം സൈറ്റുകള്‍ വിളക്കുന്നവര്‍ക്ക് ‘അധികൃതരുടെ നിര്‍ദ്ദേശമനുസരിച്ച് ഈ സൈറ്റുകള്‍ ഒഴിവാക്കിയിരിക്കുന്നു’ എന്ന അറിയിപ്പാണ് സേവനദാതാക്കള്‍ നല്‍കുന്നത്.

എം.ടി.എന്‍.എല്‍, ബി.എസ്.എന്‍.എല്‍, എ.സി.ടി, വൊഡാഫോണ്‍ എന്നീ ഇന്റര്‍നെറ്റ് സേവനദാതാക്കളാണ് അശ്ലീല സൈറ്റുകള്‍ നല്‍കാതായത്. എന്നാല്‍ എയര്‍ടെല്‍, ടാറ്റാ ഫോട്ടോണ്‍ തുടങ്ങിയവയില്‍ വിലക്കില്ല.

അശ്ലീല സൈറ്റുകള്‍ കിട്ടാതായതോടെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ട്വിറ്ററിലും റെഡ്ഡിറ്റിലും ഫെയ്ബുക്കിലും നിരോധനത്തിനെതിരെ പ്രത്യേക ഹാഷ് ടാഗുകള്‍ തന്നെ പ്രത്യക്ഷപ്പെട്ടു.

സ്വച്ഛ് ഭാരത് പദ്ധതിക്ക് പിന്നാലെ സ്വച്ഛ് ഇന്റര്‍നെറ്റ് പദ്ധതിക്കൊരുങ്ങുകയാണ് മോദി സര്‍ക്കാര്‍ എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ബി.ജെ.പി ഈ നിക്കത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തിനെതിരാണ് ഇത്തരം അശ്ലീലസൈറ്റുകളെന്ന് വാര്‍ത്താവിനിമയ ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. അശ്ലീല വെബ്‌സൈറ്റുകള്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് നല്‍കരുതെന്ന് ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒട്ടേറെ സൈറ്റുകള്‍ കൂട്ടത്തോടെ ബ് ളോക്ക് ചെയ്യുന്നത് വഴി ഇന്റര്‍നെറ്റ് വേഗം കുറയുന്നത് തടയാന്‍ ശേഷി വര്‍ധിപ്പിക്കാനും സേവനദാതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

അശ്ലീല സൈറ്റുകള്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചുകൊണ്ടിരിക്കവെയാണ് ഇത്തരമൊരു നടപടി. സ്വകാര്യമായി അശ്ലീല സൈറ്റുകള്‍ കാണുന്നത് നിരോധിക്കുന്നത് ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമാണെന്നാണ് ഈ ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അഭിപ്രായപ്പെട്ടിരുന്നു.

അശ്ലീലസൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നത് പ്രായോഗികമല്ലെന്നായിരുന്നു അന്ന് കോടതിയില്‍ സര്‍ക്കാര്‍ നിലപാട്. ഇത്തരത്തിലുള്ള അശ്ലീല വെബ്‌സൈറ്റുകള്‍ ഇന്ത്യയുടെ സാംസ്‌ക്കാരിക പൈതൃകത്തിന് എതിരാണന്നും അതിനാല്‍ അവ നിരോധിക്കണമെന്നുമാണ് ബി.ജെ.പിയുടെ ഐ.ടി സെല്‍ മേധാവി അരവിന്ദ് ഗുപ്ത പ്രതികരണം.

ഏതാണ്ട് നാല് കോടി അശ്ലീല സൈറ്റുകള്‍ ഇന്ത്യയില്‍ ലഭ്യമാണെന്നാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ കണക്ക്. ഇവയില്‍ ഭൂരിപക്ഷവും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവയാണ്. അതുകൊണ്ട് തന്നെ നിരോധനമോ, അവ ബ്ലോക്ക് ചെയ്യുന്നതോ എളുപ്പമല്ല.

© 2024 Live Kerala News. All Rights Reserved.