റഷ്യൻ വാക്‌സിനും ഇന്ത്യ 
അനുമതി നൽകുന്നു; 12 ലക്ഷം ഡോസിന്റെ കുറവ്‌

ന്യൂഡൽഹി > രാജ്യത്ത്‌ കടുത്ത കോവിഡ്‌ വാക്‌സിൻ ക്ഷാമം തുടരവെ റഷ്യൻ വാക്‌സിനായ സ്‌പുട്‌നിക് -വി അടക്കം പുതിയ വാക്‌സിനുകൾ രാജ്യത്ത് ലഭ്യമാക്കാന്‍ കേന്ദ്രം. കോവിഷീൽഡ്‌, കോവാക്‌സിൻ എന്നിവ മാത്രമാണ് ഇപ്പോള്‍ രാജ്യത്ത് ലഭ്യം. ഇവയുടെ പ്രതിദിന ഉൽപ്പാദനം 23 ലക്ഷം ഡോസ് മാത്രം. എന്നാല്‍, പ്രതിദിനം ശരാശരി 35 ലക്ഷം ഡോസ്‌ കുത്തിവയ്ക്കുന്നുണ്ട്. ലഭ്യതയിൽ 12 ലക്ഷം ഡോസിന്റെ കുറവുള്ളതിനാലാണ് മറ്റ്‌ വാക്‌സിൻ സ്രോതസ്സുകളെ ആശ്രയിക്കാന്‍ കേന്ദ്രം നിർബന്ധിതമായത്.

സ്‌പുട്‌നിക്കിന്‌ പുറമേ ജോൺസൺ ആൻഡ്‌ ജോൺസൺ, നൊവാക്‌സ്‌ , സൈഡസ്‌ കാഡില വാക്‌സിനുകളും മൂക്കിലൂടെ നൽകാൻ ഭാരത്‌ ബയോടെക്‌ വികസിപ്പിക്കുന്ന വാക്‌സിനും ലഭ്യമാക്കാനാണ്‌ ശ്രമം. സ്‌പുട്‌നിക്കിന് 10 ദിവസത്തിനകം കേന്ദ്രം ഉപയോഗാനുമതി നൽകുമെന്നാണ്‌ സൂചന. ഡോ. റെഡ്ഡീസ്‌, ഹെറ്റെറോ ബയോഫാർമ, ഗ്ലാൻഡ്‌‌ ഫാർമ, സ്‌റ്റെലിസ്‌ ബയോഫാർമ, വിക്രോ ബയോടെക്‌ എന്നീ കമ്പനികളാകും സ്‌പുട്‌നിക് ഇന്ത്യയില്‍ നിർമിക്കുക. ഉപയോഗാനുമതി വേഗം ലഭിച്ചാൽ ജൂണില്‍ സ്‌പുട്‌നിക് ലഭ്യമാകും. ജെ ആൻഡ്‌ ജെയും സൈഡസ്‌ കാഡിലയും ആഗസ്‌തോടെയും നൊവാക്‌സ്‌ സെപ്‌തംബറോടെയും മൂക്കിലൂടെ നൽകാവുന്നത്‌ ‌ ഒക്ടോബറോടെയും ലഭ്യമായേക്കും.

© 2024 Live Kerala News. All Rights Reserved.