ഡോ.കലാമിനോടുള്ള ആദരം: ഞായറാഴ്ചയും തുറന്നു പ്രവര്‍ത്തിച്ച് സര്‍ക്കാര്‍ ഓഫിസുകള്‍

 

തിരുവനന്തപുരം: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി മലപ്പുറം, ആലപ്പുഴ, എറണാകുളം കലക്ടറേറ്റ് ഓഫിസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരത്ത് 80 ശതമാനം ജീവനക്കാരും എത്തിയിട്ടുണ്ട്. എറണാകുളത്ത് ജലസേചന വകുപ്പ് ഓഫിസ്, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫിസ്, ജില്ലാ സെഷന്‍സ് കോടതി തുടങ്ങിയവയാണ് തുറന്നുപ്രവര്‍ത്തിക്കുന്നത്. സ്വയം സന്നദ്ധരായാണ് ജീവനക്കാര്‍ ജോലിക്കെത്തിയിരിക്കുന്നത്.

കേരളത്തിലെ ഫാര്‍മസികളും ഹാന്‍വീവിന്റെ എല്ലാ ഓഫിസുകളും സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നത്തെ വരുമാനത്തിന്റെ നിശ്ചിത ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുമെന്ന് കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു.

ഡോ. കലാമിനോടുള്ള ആദരസൂചകമായി വിവിധ ദിവസങ്ങളില്‍ അധികം സമയം ജോലി ചെയ്യുന്നതിന് ജീവനക്കാര്‍ തയാറായിരുന്നു. അതേസമയം, ഓഗസ്റ്റ് എട്ടിനു രണ്ടാം ശനിയാഴ്ച തിരുവനന്തപുരം കലക്ടറേറ്റിലെ മുഴുവന്‍ ഓഫിസുകളും ജില്ലയിലെ താലൂക്ക് – വില്ലേജ് ഓഫിസുകളും സ്‌പെഷല്‍ ഓഫിസുകളും പ്രവര്‍ത്തിക്കും.

താന്‍ മരിക്കുമ്പോള്‍ അവധി നല്‍കാതെ ഒരു ദിവസം അധികമായി ജോലി ചെയ്യണമെന്നായിരുന്നു കലാം ആവശ്യപ്പെട്ടിരുന്നത്.

© 2024 Live Kerala News. All Rights Reserved.