പാചകവാതകവില വീണ്ടും കൂട്ടി ; ഒരു മാസത്തിനുള്ളിൽ കൂട്ടിയത് 125 രൂപ

പാചകവാതകവില കേന്ദ്രസർക്കാർ വീണ്ടും കുത്തനെ കൂട്ടി. ​തിങ്കളാഴ്‌ച ഗാർഹിക ഉപയോക്താക്കൾക്കുള്ള സിലിൻഡറിന് 25ഉം വാണിജ്യാവശ്യത്തിനുള്ള സിലിൻഡറിന് 96 രൂപയും കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള സിലിൻഡറിന്‌ നാലാഴ്‌ചക്കുള്ളിൽ നാലുതവണയായി 125 രൂപ കൂട്ടിയപ്പോൾ വാണിജ്യ സിലിൻഡറിന്‌ നാലുമാസത്തിനുള്ളിൽ 500 രൂപ വർധിപ്പിച്ചു‌.
കൊച്ചിയിൽ 801 രൂപയായിരുന്ന 14.2 കിലോ ഗാർഹിക സിലിൻഡറിന്റെ വില തിങ്കളാഴ്‌ച 826 രൂപയായി. തിരുവനന്തപുരത്ത് 828.5ഉം കോഴിക്കോട്ട്‌ 828 രൂപയും കൊടുക്കേണ്ടിവരും. ഡൽഹിയിൽ 819ഉം കൊൽക്കത്തയിൽ 845ഉം മുംബൈയിൽ 819 രൂപയുമാണ്‌ വില. ഫെബ്രുവരി നാലിനും 25നും 25രൂപ വീതവും‌ ഫെബ്രുവരി 15നും ഡിസംബർ ഒന്നിനും 16നും 50 രൂപ വീതവുമാണ്‌ കൂട്ടിയത്‌. ഡിസംബറിനുശേഷം മൊത്തം 225 രൂപ വർധിപ്പിച്ചു. ‌ 96 രൂപ കൂട്ടിയതോടെ 19 കിലോ​ഗ്രാം വാണിജ്യ സിലിൻഡറിന് കൊച്ചിയിൽ 1604.5ഉം തിരുവനന്തപുരത്ത് 1620ഉം കോഴിക്കോട്ട്‌ 1628.5 രൂപയുമാണ് പുതിയ വില. ഡൽഹിയിൽ 1,614 രൂപയുമായി.