പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു മെട്രോമാന്‍ ഇ ശ്രീധരന്‍

തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു മെട്രോമാന്‍ ഇ ശ്രീധരന്‍. കേരളവുമായി ബന്ധപ്പെട്ട് തനിക്ക് നിരവധി പദ്ധതികളുണ്ടെന്നും എന്നാല്‍ അതെല്ലാം ഇപ്പോള്‍ തന്നെ ബിജെപിയുടെ പ്രകടനപത്രികയില്‍ ഇടം നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു കാര്യവും ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ല. ആദ്യം താന്‍ പാര്‍ട്ടി അംഗത്വമെടുക്കും. തന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ അവരാണ് തീരുമാനമെടുക്കുക. എന്നാല്‍ അക്കാര്യം സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ഇ ശ്രീധരന്‍ പറഞ്ഞു.

താന്‍ വരുന്നതോടെ പാര്‍ട്ടിയുടെ ഇമേജ് തന്നെ പൂര്‍ണമായും മാറും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ഇരട്ടിയാകും.

കേരളത്തില്‍ വികസനം കൊണ്ടുവരാന്‍ താന്‍ പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും രാഷ്ട്രീയ എതിര്‍പ്പുകള്‍ കാരണം അത് സാധിച്ചില്ല. താന്‍ 10 വര്‍ഷങ്ങളായി കേരളത്തില്‍ ജീവിക്കുകയാണ്, രാഷ്ട്രീയപരമായി വളരാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് അവര്‍ ശ്രദ്ധ നല്‍കുന്നില്ല. അവരെക്കൊണ്ട് ഒന്നും സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ബിജെപിക്ക്‌എം മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ. ഇ ശ്രീധരന്‍ പറഞ്ഞു.

വളരെ കാലമായി ബിജെപി അനുഭാവിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുണ്ട്. ബിജെപി തനിക്ക് ഒരു പരിചയമില്ലാത്ത രാഷ്ടീയപാര്‍ട്ടിയല്ല. സത്യസന്ധതയും ധാര്‍മിക മൂല്യങ്ങളുമുള്ള പാര്‍ട്ടിയാണ് ബിജെപി. അതാണ് ബിജെപിയെ തിരഞ്ഞെടുക്കാന്‍ കാരണമെന്നും ശ്രീധരന്‍ പറഞ്ഞു.

ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ ഒരു പക്ഷം പാടില്ല. ഇപ്പോള്‍ തന്റെ കര്‍മങ്ങളെല്ലാം കഴിഞ്ഞു. നാടിന് എന്തെങ്കിലും ചെയ്യണമെന്നുള്ളതുകൊണ്ടാണ് പാലാരിവട്ടം പാലത്തിന്റെ പണി ഏറ്റെടുത്തത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പിണറായി വിജയന്‍ എന്നിവരോട് തനിക്ക് വലിയ ബഹുമാനമുണ്ട്. എന്നാല്‍ പാര്‍ട്ടി എങ്ങനെയെങ്കിലും ഉയര്‍ത്തണമെന്നതില്‍ മാത്രമാണ് അവരുടെ ശ്രദ്ധ. രാജ്യം പടുത്തുയര്‍ത്തണമെന്നില്ല. എന്നാല്‍ ബിജെപിക്ക് രാജ്യത്തെ പടുത്തുയര്‍ത്തുക എന്നതല്ലാതെ മറ്റൊരു ഉദ്ദേശവുമില്ല.

കേന്ദ്ര സര്‍ക്കാരുമായി ഇരുമുന്നണികളും നിരന്തരം ഏറ്റുമുട്ടലിലാണെന്നും അത് മൂലമാണ് ഇവിടെ കാര്യമായിട്ടൊന്നും സംഭവിക്കാത്തതെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരുമായി യോജിച്ച്‌ പോകാന്‍ ബിജെപിക്കാണ് സാധിക്കുക. താന്‍ വരുന്നതോടെ ബിജെപിയുടെ ഇമേജ് തന്നെ മാറും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. ഇന്ത്യയ്ക്കുണ്ടായതില്‍ വച്ച്‌ ഏറ്റവും മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളാണ് മോദിയെന്നും അദ്ദേഹവുമായി ഏറെയടുത്ത് പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിച്ചുവെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

ഉത്തരവാദിത്തബോധമുള്ളയാള്‍, സത്യസന്ധന്‍ എന്നിങ്ങനെ അറിയപ്പെടുന്ന തനിക്ക് കേരളത്തില്‍ മികച്ച പ്രതിച്ഛായയാണ് ഉള്ളതെന്നും അങ്ങനെ നല്ല പേരുള്ള ഒരാള്‍ ബിജെപിയില്‍ ചേരുകയാണെങ്കില്‍ വളരെയധികം ആളുകള്‍ തന്നെ സഹായിക്കുന്നതിനായി വരുമെന്നും അദ്ദേഹം പറയുന്നു. താന്‍ വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ജനപിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയില്‍ നിന്ന് വാഗ്ദാനങ്ങളൊന്നും ലഭിച്ചിട്ടില്ല. ഗവര്‍ണര്‍ സ്ഥാനം ലഭിച്ചാലും സ്വീകരിക്കില്ല. ഏത് മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്ന് പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു.

അതേസമയം, ഇ ശ്രീധരന്റെ കടന്നുവരവ് ബിജെപി ക്യാമ്ബില്‍ ഏറെ ആവേശമുണ്ടാക്കിയിട്ടുണ്ട്. എറണാകുളത്തോ തൃശൂരോ ആണ് പാര്‍ട്ടി അദ്ദേഹത്തെ മത്സരിപ്പിക്കുക എന്ന് സൂചനകളുണ്ട്. ഇ ശ്രീധരന്റെ പൊതുസ്വീകാര്യത നഗര മണ്ഡലങ്ങളില്‍ വോട്ടാകുമെന്നും ബിജെപി അനുമാനിക്കുന്നുണ്ട്. ഇ ശ്രീധരന്‍ ബി ജെ പിയില്‍ ചേരുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് അറിയിച്ചത്.