ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം

ചരക്കുസേവന നികുതിയിലെ സങ്കീര്‍ണതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരത് ബന്ദിന് ആഹ്വാനം. വ്യാപാരികളുടെ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) ആണ് ഫെബ്രുവരി 26ന് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിന്‍റെ ഭാഗമായി റോഡ് ഉപരോധിക്കുമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.

രാജ്യത്തെ വ്യാപാര രംഗത്തെ പ്രശ്നങ്ങള്‍ മനസിലാക്കാതെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് കൗണ്‍സില്‍ സ്വീകരിക്കുന്നതെന്നും കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് വിമര്‍ശിച്ചു.

ഒരു രാജ്യം ഒരു നികുതി എന്ന പേരില്‍ ആരംഭിച്ച ചരക്കുസേവന നികുതിയില്‍ പല അപാകതകളും ഉണ്ട്. നികുതി ഘടന ലളിതവത്കരിക്കുന്നതിന് കൗണ്‍സില്‍ ഒരു വിധത്തിലുള്ള നടപടികളും സ്വീകരിക്കുന്നില്ല. എല്ലാവരെയും വിശ്വാസത്തിലെടുത്തായിരിക്കും നടപ്പാക്കുക എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പാലിക്കപ്പെട്ടില്ല. കൗണ്‍സിലിന്റെ വ്യാപാരി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്താന്‍ തീരുമാനിച്ചതെന്നും സംഘടന അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.