വിലക്കിഴിവും സമ്മാനങ്ങളുമായി സപ്ളൈകോയുടെ ഓണവിപണി

കൊച്ചി: ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങൾ ഉപഭോക്താക്കൾക്ക് വിലക്കിഴിവോടെ ലഭ്യമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സപ്ളൈകോ അറിയിച്ചു. വെളിച്ചെണ്ണ, പഞ്ചസാര, മട്ടഅരി, തേയില എന്നിവ വില കുറച്ച്  വിപണിയിലെത്തിക്കും. സബ്‌സിഡി വെളിച്ചെണ്ണ വില ലിറ്ററിന് 130 രൂപയിൽ നിന്ന് 110 രൂപയായും പഞ്ചസാര കിലോഗ്രാമിന്‌  24 രൂപയിൽ നിന്ന്  22 രൂപയായും മട്ട അരി 25 രൂപയിൽ നിന്ന്  24 രൂപയായും കുറച്ചു. ശബരി സുപ്രീം തേയില കിലോഗ്രാമിന്  11 രൂപ കുറച്ച് 131 രൂപയ്‌ക്കും ഹോട്ടൽ ബ്‌ളെന്റ്  തേയില 12 രൂപ കുറച്ച്  150 രൂപയ്‌ക്കും ലഭ്യമാക്കും.

ആന്ധ്രാപ്രദേശിലെ അരിമില്ലുകളുടെ ബഹിഷ്‌കരണം സപ്‌ളൈകോ വില്‌പനശാലകളെ ബാധിക്കില്ലെന്ന് അധികൃതർ പറഞ്ഞു. 37,000 ടൺ അരി ഓണക്കാലത്തേക്കായി സംഭരിച്ചു. കൂടുതൽ അരി എത്തിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ നിന്ന് ജയ അരി ലഭിച്ചില്ലെങ്കിൽ  മട്ട അരി വിതരണം ചെയ്യും.
തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ആഗസ്‌റ്റ്  പത്ത് മുതലും കോട്ടയം, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഈമാസം 17 മുതലും ഓണം മെട്രോഫെയർ സംഘടിപ്പിക്കും.  27 വരെ നീളുന്ന ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്‌റ്റ്  പത്തിന് രാവിലെ 9.30ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി എറണാകുളം കലൂർ സ്‌റ്റേഡിയത്തിൽ നിർവഹിക്കും.  ഓണം ടൗൺ ഫെയറുകൾ പത്ത്  പ്രധാനനഗരങ്ങളിൽ 17ന് ആരംഭിക്കും. 19 പ്രമുഖ സ്ഥലങ്ങളിൽ ആഗസ്‌റ്റ്  20 മുതൽ പ്രത്യേക ഓണച്ചന്തകളും സംഘടിപ്പിക്കും. നിയമസഭാ മണ്ഡലങ്ങളിൽ 23 മുതൽ  27 വരെ ഓരോ ഓണച്ചന്ത  പ്രവർത്തിക്കും.

ഓണ വിപണിയിലെ വില കുറയ്‌ക്കാൻ എല്ലാ വില്‌പനശാലകളിലും 23 മുതൽ അഞ്ചു ദിവസത്തെ ഓണച്ചന്ത സംഘടിപ്പിക്കും. ഞായറാഴ്‌ചയും അവ പ്രവർത്തിക്കും.  മാവേലി സ്‌റ്റോറുകളില്ലാത്ത 45 പഞ്ചായത്തുകളിൽ ഓണം മിനിഫെയറുകൾ  23 മുതൽ സംഘടിപ്പിക്കും. ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് അഞ്ച്  മുതൽ 30 ശതമാനം വരെ വിലക്കുറവ് ലഭിക്കും. 23 മുതൽ 27 വരെ മാവേലി സ്‌റ്റോറുകൾ രാവിലെ 9.30 മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കും.

 സബ്‌സിഡി സാധനങ്ങളുടെ വില (കിലോഗ്രാം)
ചെറുപയർ – ₹74, ഉഴുന്ന് – ₹66, കടല – ₹43, വൻപയർ- ₹45, തുവരപ്പരിപ്പ് – ₹65, മുളക്- ₹75, മല്ലി – ₹100, ജയ അരി – ₹25, കുറുവ അരി – ₹25, മാവേലി പച്ചരി – ₹23

 ഓണക്കിറ്റ് വിതരണം
സപ്‌ളൈകോ 20 ലക്ഷം ബി.പി.എൽ കുടുംബങ്ങൾക്കും ഒന്നര ലക്ഷം ആദിവാസി കുടുംബങ്ങൾക്കും സൗജന്യ ഓണക്കിറ്റ് നൽകും. 25 ലക്ഷം സ്‌കൂൾ കുട്ടികൾക്ക് അഞ്ച് കിലോഗ്രാം അരി വീതവും നൽകും.

 സമ്മാന പദ്ധതി
അഗസ്‌റ്റ്  പത്തു മുതൽ 27 വരെ സപ്‌ളൈകോ വില്‌പന ശാലകളിലൂടെയും ഓണച്ചന്തകളിലൂടെയും 1,500 രൂപയ്‌ക്കുമേൽ സാധനങ്ങൾ വാങ്ങുന്നവർക്ക്  50 രൂപയുടെ ശബരി ഉത്പന്നങ്ങൾ സൗജന്യമായി നൽകും. കൂപ്പണുകൾ നറുക്കെടുത്ത് ഓരോ ജില്ലയിലും ഓരോ പവൻ സ്വർണനാണയം വീതവും സംസ്ഥാനതല വിജയിക്ക് അഞ്ച് പവൻ സ്വർണ നാണയവും നൽകും.

© 2024 Live Kerala News. All Rights Reserved.