ആള്‍ കേരള ചിട്ടി ഫോര്‍മന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രക്ഷോഭണ വിളംബര കൂട്ടായ്മ നടത്തി

കുന്നംകുളം: കേരളത്തിലെ സ്വകാര്യ ചിട്ടി വ്യവസായ മേഖലയോട് കേരള സര്‍ക്കാര്‍ പുലര്‍ത്തുന്ന ചിറ്റമ്മ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ആള്‍ കേരള ചിട്ടി ഫോര്‍മന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രക്ഷോഭണ വിളംബര കൂട്ടായ്മ നടത്തി. 1975ല്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന കേരള ചിട്ടി നിയമത്തിലെ രാക്ഷസീയ വ്യവസ്ഥകളാണ് നിലനില്‍പ്പിനായി ഇതര സംസ്ഥാനങ്ങളിലേക്ക് കേരളത്തിലെ സ്വകാര്യ ചിട്ടി സ്ഥാപനങ്ങളെ പാലായനം ചെയ്യിച്ചത്. അതിനൊരു മോചനം തേടി സുദീര്‍ഘമായ നിയമ പോരാട്ടത്തിനൊടുവിലാണ് കേന്ദ്ര ചിട്ടി നിയമം കേരളത്തില്‍ പ്രാബല്യത്തില്‍ വന്നത്. പ്രസ്തുത നിയമമനുസരിച്ചു സുഗമമായി പ്രവര്‍ത്തിക്കാന്‍ വേണ്ട പശ്ചാത്തലം നിയമ പാലനത്തിന്റെ മേല്‍നോട്ട ചുമതലയുള്ള രജിസ്‌ട്രേഷന്‍ വകുപ്പ്, സംസ്ഥാന ധനകാര്യ വകുപ്പ് എന്നിവിടങ്ങളില്‍ നിന്നും ഉണ്ടാവുന്നില്ലെന്ന പരിദേവനമാണ് “ഒരു നിയമം തുല്യ പരിഗണന” എന്ന ആവശ്യവുമായി രംഗത്തിറക്കാന്‍ ഓള്‍ കേരള ചിട്ടി ഫോര്‍മന്‍സ് അസോസിയേഷനെ നിര്‍ബന്ധിതമാക്കിയത്. നഗരകേന്ദ്രത്തില്‍ നടന്ന വിളംബര കൂട്ടായ്മ ആള്‍ കേരള ചിട്ടി ഫോര്‍മന്‍സ് അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാന്‍ ഡേവീസ് കണ്ണനായ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി ടി ജോര്‍ജ് അധ്യക്ഷനായിരുന്നു. ഭാരവാഹികളായ എം ജെ ജോജി, സി എല്‍ ഇഗ്നേഷ്യസ്, കെ വി ശിവകുമാര്‍, അനില്‍കുമാര്‍, സി കെ അപ്പുമോന്‍ എന്നിവര്‍ സംസാരിച്ചു.

© 2024 Live Kerala News. All Rights Reserved.