ഇന്തോനേഷ്യയിൽനിന്ന്‌ യാത്രക്കാരുമായി പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ കടലില്‍ വീണുതകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ജക്കാർത്ത > ഇന്തോനേഷ്യയിൽനിന്ന്‌ യാത്രക്കാരുമായി പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ കടലില്‍ വീണുതകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ജാവ കടലിൽ 23 മീറ്റർ ആഴത്തിലാണ് വിമാനഭാഗങ്ങൾ കണ്ടെത്തിയതെന്ന്‌ എയർ ചീഫ് മാര്‍ഷൽ ഹാദി ജാജാന്റോ പറഞ്ഞു.
ഇതുവരെ ജീവന്റെ തുടിപ്പ്‌ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിമാനത്തിൽ ഉണ്ടായിരുന്ന 62 പേരും മരിച്ചിരിക്കാനാണ്‌ സാധ്യത. മൃതദേഹം തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ കൈമാറാൻ യാത്രക്കാരുടെ കുടുംബാംഗങ്ങളോട്‌ പൊലീസ്‌ ആവശ്യപ്പെട്ടു. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സും കടലിനടിയില്‍ എവിടെയാണുള്ളതെന്ന് കണ്ടെത്തി. അപകട കാരണം കണ്ടെത്താനായിട്ടില്ല.ജക്കാര്‍ത്തയില്‍നിന്ന്‌ ശനിയാഴ്ച പ്രാദേശിക സമയം 2.30ഓടെ പറന്നുയർന്ന സിര്‍വിജയ എയർ ബോയിങ്‌ 737 വിമാനം നിമിഷങ്ങള്‍ക്കകം റഡാറില്‍നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. പശ്ചിമ കാളിമാന്താന്‍ പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്ക് പുറപ്പെട്ടതാണ് വിമാനം. 3000 മീറ്റര്‍ ഉയരത്തില്‍ വച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്.

© 2024 Live Kerala News. All Rights Reserved.