ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : പ്രധാന മന്ത്രി

ന്യൂഡല്‍ഹി :ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം വീണ്ടും മുന്നോട്ടുവച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. അത് രാജ്യത്തിന്റെ ആവശ്യമാണെന്ന് ഭരണഘടനാ ദിനത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവേ പ്രധാന മന്ത്രി പറഞ്ഞു. ഇടയ്ക്കിടെ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നത് രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. അതിനാല്‍

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് അത്യാവശ്യമാണ്.ചെറിയ ഇടവേളകളില്‍ രാജ്യത്ത് വിവിധ ഇടങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നു. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വിഘാതമാണ് സൃഷ്ടിക്കുന്നത്. ഇക്കാര്യം വിലയിരുത്തി ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണം.

ലോക്സഭ, നിയമസഭ, പഞ്ചായത്ത് തിരഞ്ഞടുപ്പുകള്‍ക്കെല്ലാം കൂടി ഒരു വോട്ടര്‍ പട്ടിക മതിയാകും. വെവ്വേറെ പട്ടിക തയ്യാറാക്കുന്നത് അനാവശ്യ ചെലവാണുണ്ടാക്കുന്നതെന്നും മോദി പറഞ്ഞു.

ഭരണഘടനയുടെ വലിയൊരു സവിശേഷത അത് പൗരന്റെ കര്‍ത്തവ്യങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യമാണ്. കര്‍ത്തവ്യങ്ങളും അവകാശങ്ങളും പരസ്പരബന്ധിതമായ കാര്യങ്ങളായാണ് മഹാത്മാഗാന്ധി കണ്ടത്. ഭരണഘടനയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് വലിയ പങ്കുവഹിക്കാനാവുമെന്നും മോദി ചൂണ്ടിക്കാട്ടി.

© 2024 Live Kerala News. All Rights Reserved.