ചീഫ് എഞ്ചിനീയര്‍മാരുടെ സസ്‌പെന്‍ഷനില്‍ മുഖ്യമന്ത്രി ഇടപെടുന്നു…

തിരുവനന്തപുരം: അഴിമതിക്കേസില്‍ പൊതുമരാമത്ത് , ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്ത വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെടുന്നു. സസ്പെന്‍ഷനെതിരെ ചീഫ് എന്‍ജിനിയര്‍മാര്‍ നല്‍കിയ പരാതി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി വിജിലന്‍സിനോടും ആഭ്യന്തരസെക്രട്ടറിയോടും ആവശ്യപ്പെട്ടു. അച്ചടക്ക നടപടിക്കെതിരായ പരാതി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എഞ്ചിനീയര്‍മാരുടെ പരാതി മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി . വിജിലന്‍സും പരാതി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എന്‍ജിനിയര്‍മാരുടെ സസ്പെന്‍ഷന്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതോടെ ആഭ്യന്തരമന്ത്രിയുമായുള്ള ഭിന്നത മറനീക്കിയിരിക്കുകയാണ്. അഴിമതിക്കേസില്‍ പൊതുമരാമത്ത്, ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍നിന്ന് പിന്നോട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞദിവസം ദില്ലിയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുമായി എന്‍ജിനിയര്‍മാരുടെ സസ്പെന്‍ഷന്‍ വിഷയം സംസാരിച്ചിരുന്നതായി ചെന്നിത്തല പറഞ്ഞിരുന്നു. മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുക മാത്രമാണ് താന്‍ ചെയ്തത്. തനിക്ക് യാതൊരു അജണ്ടയുമില്ല. സത്യസന്ധമായാണ് പ്രവര്‍ത്തിച്ചത്. സസ്പെന്‍ഷന്‍ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ അഭിപ്രായ ഭിന്നതയുമില്ല. അഴിമതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പറഞ്ഞ ചെന്നിത്തല അഴിമതിക്കാര്യത്തില്‍ നടപടിയെടുക്കാനല്ലെങ്കില്‍ പിന്നെ വിജിലന്‍സ് വകുപ്പും മന്ത്രിയും എന്തിനെന്നും ചോദിച്ചു.

തങ്ങളുടെ വകുപ്പുകളില്‍ ആഭ്യന്തരവകുപ്പ് കൈകടത്തിയെന്ന് മന്ത്രിമാരായ വി.കെ ഇബ്രാഹിം കുഞ്ഞും പി.ജെ. ജോസഫും മുഖ്യമന്ത്രിയോട് പരാതിപ്പെട്ടതിന് പിന്നാലെയാണ് നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന ചെന്നിത്തലയുടെ പ്രഖ്യാപനം വന്നത്. തനിക്കെതിരെ മന്ത്രിമാര്‍ പരാതി നല്‍കിയെന്ന വാര്‍ത്ത തെറ്റാണ്. വിജിലന്‍സ് ഡയറക്‌ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ചീഫ് എന്‍ജിനിയര്‍മാരെ സസ്പെന്‍‍ഡ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.